കല്യാണത്തിന് പോയതിൽ ജാഗ്രതക്കുറവില്ല, നടപടിക്ക് പിന്നിൽ ഉണ്ണിത്താനോടുള്ള ഭയം -ബാലകൃഷ്ണൻ പെരിയ
text_fieldsകാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിൽ ജാഗ്രതക്കുറവുണ്ടായിട്ടില്ലെന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. തനിക്കെതിരായ നടപടി നൂറു ശതമാനം ഏകപക്ഷീയമായാണ്. ഇങ്ങനെയൊരു തീരുമാനമുണ്ടായതിന് പിന്നിൽ ഉണ്ണിത്താനെന്ന വിടുവായനോടുള്ള കോൺഗ്രസ് നേതാക്കളുടെ ഭയമാണ്. തങ്ങളെ പോലുള്ള നേതാക്കളെ പുറത്താക്കാൻ കാസർകോടിന്‍റെ മണ്ണിൽ വന്ന് ഒരാൾ ശ്രമിക്കുന്നുവെങ്കിൽ അതിനെതിരെ പോരാടുമെന്നും ബാലകൃഷ്ണൻ പെരിയ പറഞ്ഞു.
'കല്യാണത്തിൽ പങ്കെടുത്തതിൽ യാതൊരു ജാഗ്രതക്കുറവുമില്ല. നൂറുവട്ടം ചിന്തിച്ചിട്ടാണ് പങ്കെടുത്തത്. അത് നാട്ടിലെ ഒരു ആചാരമാണ്. എം. രാജഗോപാലൻ എം.എൽ.എ എന്‍റെ ബന്ധുവാണ്. സി.പി.എം നേതാവാണ്. അദ്ദേഹത്തിന്‍റെ കല്യാണത്തിന് ഡി.സി.സി പ്രസിഡന്‍റ് ഉൾപ്പെടെ മുഴുവൻ കോൺഗ്രസുകാരും പോയില്ലേ. എ.കെ. ആന്‍റണിയുടെ വീട്ടിൽ അനിൽ ആന്‍റണിയെന്ന ബി.ജെ.പി നേതാവുണ്ട്. ആ വീട്ടിലേക്ക് കെ. സുധാകരന് പോകാതിരിക്കാൻ പറ്റുമോ? ഒരു വീട്ടിൽ എത്ര രാഷ്ട്രീയക്കാരുണ്ടാകും.
സി.പി.എമ്മിനെതിരെ എത്രയോ കാലമായി പോരാട്ടം നടത്തുന്നവരാണ് ഞങ്ങൾ. അങ്ങനെയുള്ള നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഒരാൾ കാസർകോടിന്‍റെ മണ്ണിൽ വന്ന് ശ്രമിക്കുന്നുവെങ്കിൽ അതിനെതിരെ പോരാടാൻ ശ്രമിക്കും. ഇപ്പോ അദ്ദേഹം ഒരു ഹാങ്ങോവറിലാണ്. അത് കഴിയും. കള്ളുകുടിച്ചതിന്‍റെയും പെണ്ണുപിടിച്ചതിന്‍റെയും പേരിൽ എനിക്കെതിരെ ഒരു സ്റ്റേഷനിലും കേസില്ല. ജില്ലയിലെ രാഷ്ട്രീയാന്തരീക്ഷം മലീമസമാക്കാനുള്ള ഉണ്ണിത്താന്‍റെ നീക്കങ്ങളുടെ ആദ്യഘട്ടമാണ് പൂർത്തിയായിരിക്കുന്നത്.
എനിക്കെതിരായ നടപടി നൂറു ശതമാനം ഏകപക്ഷീയമായാണ്. എന്നാൽ, ഇന്ന് പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനമുണ്ടായതിന് പിന്നിൽ ഉണ്ണിത്താനെന്ന വിടുവായനോടുള്ള ഭയമാണ്. എന്തും പറഞ്ഞുകളയും. പുറത്താക്കിയപ്പോൾ എല്ലാ പാർട്ടിക്കാരും ക്ഷണിച്ചിട്ടുണ്ട്. അത് സ്വാഭാവികമാണ്. ഞങ്ങളുടെ ജീവാത്മാവും പരമാത്മാവും കോൺഗ്രസാണ്. അതിൽ നിന്ന് മാറിയുള്ള വേറെ ചിന്തയില്ല' -ബാലകൃഷ്ണൻ പെരിയ മാധ്യമങ്ങളോട് പറഞ്ഞു.
ബാലകൃഷ്ണൻ പെരിയ, ഉദുമ മണ്ഡലം യു.ഡി.എഫ് ചെയർമാൻ രാജൻ പെരിയ, പ്രമോദ് പെരിയ, മുൻ മണ്ഡലം പ്രസിഡൻ്റ് ടി. രാമകൃഷ്ണൻ എന്നിവരെയാണ് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം എൻ. സുബ്രഹ്‌മണ്യൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് എന്നിവരുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ 13ാം പ്രതിയായ സി.പി.എം പ്രാദേശിക നേതാവിന്‍റെ മകന്റെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കുകയും പ്രതിയായ സി.പി.എം നേതാവിനൊപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്‌ത സംഭവത്തിലാണ് കെ.പി.സി.സി അന്വേഷണം നടത്തി നടപടിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.