ഇവിടെയുണ്ട്, ഇളങ്കാറ്റിൽ സംഗീതം പൊഴിക്കുന്ന മുളങ്കൂട്ടങ്ങൾ
text_fieldsഒറ്റപ്പാലം: ഇളങ്കാറ്റിെൻറ താളത്തിനൊത്ത് സംഗീതം പൊഴിക്കുന്ന മുളങ്കൂട്ടങ്ങളെ പാഴ്ചെടികളുടെ പട്ടികയിൽ ഉൾപ്പെടുത്തി വേരോടെ പിഴുതെറിയുന്നവരുടെ സമൂഹത്തിൽ വേറിട്ട കാഴ്ചയാവുകയാണ് ബാലകൃഷ്ണൻ തൃക്കങ്ങോട് എന്ന മുൻ അധ്യാപകൻ.
എളുപ്പത്തിൽ ലാഭം ലഭിക്കുന്ന ഇതര കൃഷികളെയെല്ലാം ഒഴിവാക്കി ഒന്നര ഏക്കറിലാണ് ബാലകൃഷ്ണൻ മുളങ്കൂട്ടം നട്ടുവളർത്തിയിരിക്കുന്നത്. പുല്ലിനത്തിൽപെട്ട മുളയുടെ പാരിസ്ഥിതിക പ്രസക്തിയും ഉപയോഗയോഗ്യതയും മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചിത്രീകരണം പൂർത്തിയാക്കിയ ഇദ്ദേഹത്തിെൻറ മുളകൃഷിയെക്കുറിച്ചുള്ള ഹ്രസ്വചിത്രം ലോക മുളദിനമായ വെള്ളിയാഴ്ച മന്ത്രി വി.എസ്. സുനിൽകുമാർ യുട്യൂബിൽ പ്രകാശനം ചെയ്യും.
'സസ്യ'യുടെ ബാനറിൽ 'പാമാരെൻറ മരം' എന്നപേരിൽ പുറത്തിറങ്ങുന്ന വിഡിയോ മന്ത്രിയുടെ ആശംസകളോടെയാണ് ആരംഭിക്കുന്നത്. എസ്. സുജിത്ത് സംവിധാനം നിർവഹിച്ച ചിത്രത്തിെൻറ ഛായാഗ്രഹണം ആർ. കിരണും ചിത്രസംയോജനം തോമസ്, ജെറി എന്നിവരുമാണ്.
ശരാശരി മലയാളികർഷകർ മണ്ണും മനസ്സും റബർകൃഷിയിലേക്ക് പറിച്ചുനട്ട കാലത്താണ് ബാലകൃഷ്ണൻ മുളങ്കൃഷിയിലേക്ക് തിരിഞ്ഞത്. നാട്ടിലുള്ള മുളകൾ കൂട്ടത്തോടെ കട്ടയിട്ട് നശിക്കുന്ന കാലമായിരുന്നു അത്. മുളയാണ് നാളത്തെ വിള എന്ന തിരിച്ചറിവാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് ചക്കക്ക് താരപദവി നേടിക്കൊടുത്ത ബാലകൃഷ്ണൻ പറയുന്നു.
ഇദ്ദേഹം സർക്കാറിന് നൽകിയ നിവേദനം പരിഗണിച്ചാണ് 2018 മാർച്ച് 21ന് ചക്കക്ക് സംസ്ഥാന ഫലമെന്ന ഔദ്യോഗിക പദവി പ്രഖ്യാപിച്ചത്. മുള്ളില്ലാത്ത വിവിധ ഇനങ്ങൾക്ക് പുറമേ നാടൻ മുളകളും ബാലകൃഷ്ണെൻറ തോട്ടത്തിലുണ്ട്.
പ്രകൃതിസൗഹൃദമാണ് മുളയെന്നും മണ്ണൊലിപ്പ് തടയാനും ജലസംരക്ഷണം ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറയുന്നു. തോട്ടത്തിൽ നിർമിച്ച മഴക്കുഴികളിലൂടെ വെള്ളം ഭൂമിയിലേക്ക് താഴ്ന്നിറങ്ങുന്നതുമൂലം ഇതിന് സമീപമുള്ള കിണറുകൾ ജലസമൃദ്ധമാണ്.
കാര്യമായ പരിചരണം ആവശ്യമില്ലാത്ത മുളക്ക് വിപണനസാധ്യത ഏറെയാണ്. ബാംബൂ കോർപറേഷൻപോലെയുള്ള സ്ഥാപനങ്ങൾക്ക് മുള കൂടിയതോതിൽ ആവശ്യമുള്ളതായും ബാലകൃഷ്ണൻ പറഞ്ഞു. വട്ടി, കുട്ട തുടങ്ങിയ പരമ്പരാഗത നിർമാണത്തിൽനിന്ന് അത്യാധുനിക ഉപകരണങ്ങൾ നിർമിക്കുന്നതിനുവരെ ഇന്ന് മുളയെ ആശ്രയിക്കുന്നുണ്ട്.
2018ലെ വനമിത്ര പുരസ്‌കാരത്തിന് അർഹനായ ബാലകൃഷ്ണൻ ബ്ലോക്ക് പഞ്ചായത്ത് ജൈവവൈവിധ്യ സമിതി കൺവീനറുമാണ്. ആഗോള ബാംബൂ ഓർഗനൈസേഷൻ ആരംഭിച്ചതാണ് മുളദിനം. 2009ൽ ബാങ്കോകിൽ നടന്ന ലോക മുളസമ്മേളനമാണ് സെപ്റ്റംബർ 18 മുളദിനമായി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.