ബാലൻ പൂതേരി: അകക്കണ്ണിലെ അക്ഷരവെളിച്ചത്തിനുള്ള അംഗീകാരം
text_fieldsമലപ്പുറം: സാഹിത്യത്തിനുള്ള പത്മശ്രീ പുരസ്കാരം ലഭിച്ച ബാലൻ പൂതേരിക്ക് ഇത് കർമമണ്ഡലത്തിലെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം. 20 വർഷം മുമ്പ് കാഴ്ച നഷ്ടപ്പെട്ടിട്ടും അകക്കണ്ണിെൻറ ആത്മബലത്താൽ എല്ലാ തടസ്സങ്ങളെയും അതിജീവിച്ചാണ് അദ്ദേഹം സാഹിത്യലോകത്ത് എത്തിയത്.
ക്ഷേത്രാരാധനകൾ, ആചാരാനുഷ്ഠാനങ്ങൾ, പിതൃകർമങ്ങൾ, സന്ധ്യാനാമങ്ങൾ എന്നിവ സംബന്ധിച്ച നിരവധി പുസ്തകങ്ങളാണ് അദ്ദേഹം രചിച്ചത്. ക്ഷേത്രോത്സവങ്ങളിലും ഹൈന്ദവ സമ്മേളനങ്ങളിലും നിറസാന്നിധ്യമാണ്. എഴുതിയ മിക്ക പുസ്തകങ്ങളുടെയും പ്രിൻററും പ്രസാധകനും വിൽപനക്കാരനും അദ്ദേഹം തന്നെയാണ്.
ആചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ച വിഷയങ്ങളിൽ ഗവേഷണവും ആശയ രൂപവത്കരണവും നടത്തി പുതിയ പുസ്തകങ്ങൾ തയാറാക്കാനുള്ള പണിപ്പുരയിലാണ്. ജനിക്കുമ്പോൾ തന്നെ വലതുകണ്ണിന് കാഴ്ച കുറവായിരുന്നു. കൊണ്ടോട്ടി കരിപ്പൂർ സ്വദേശിയായ ഇദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ചരിത്രത്തിൽ ബിരുദം നേടി. തുടർന്ന് സാമൂഹിക സേവന രംഗത്ത് സജീവമായി.
ഒറ്റപ്പെട്ടുപോയ അഗതികൾക്ക് അഭയം നൽകാൻ 'ശ്രീകൃഷ്ണ സേവാശ്രമം' പേരിൽ വീടിനോടനുബന്ധിച്ച് അനാഥ മന്ദിരവും നടത്തുന്നുണ്ട്. പൂതേരി വീട്ടിൽ 1955 ജൂൺ 16ന് ചാഞ്ചുക്കുട്ടിയുടെയും മാണിയമ്മയുടെയും മകനായി ജനിച്ചു. 1979ൽ എം.എ ബിരുദത്തിന് പഠിക്കവെ വനവാസി വികാസ കേന്ദ്രം ഓർഗനൈസറായി. സനാതന ധർമ പരിചയം, സ്തോത്രങ്ങളും കീർത്തനങ്ങളും, പുരാണങ്ങൾ, ക്ഷേത്രമഹാത്മ്യങ്ങൾ, ജീവചരിത്രം തുടങ്ങിയ മേഖലകളിൽ പുസ്തകങ്ങൾ രചിച്ചു.
ക്ഷേത്രാരാധന, ഹിന്ദുമതം സനാതനധർമം, ശ്രീരാമ ഭജന, രാമായണം കഥ, സീതാദേവി, ശ്രീരാമജന്മഭൂമി, വിപ്ലവകാരികൾ തുടങ്ങി 201 ചെറുതും വലുതുമായ പുസ്തകങ്ങൾ രചിച്ചു. തപസ്യ നവരാത്രി, കുഞ്ഞുണ്ണി, സേവാരത്നം, വിജയശ്രീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
1999ലാണ് കാഴ്ച പൂർണമായും നഷ്ടമായത്. സംസ്കൃത രക്ഷ യോജനയുടെ കോഴിക്കോട് ജില്ല ഓർഗനൈസർ, കാലിക്കറ്റ് സർവകലാശാലയുടെ വയോജന വിദ്യാഭ്യാസ ട്രസ്റ്റി സമിതി സെൻററുകളുടെ സൂപ്പർവൈസർ, മലബാർ ക്ഷേത്ര ട്രസ്റ്റി സമിതി സെക്രട്ടറി, കാൻഫെഡ് അംഗം, മദ്യവർജന സമിതി ജില്ല സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ശാന്ത. മകൻ: രാംലാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.