കോണ്‍ഗ്രസ് നേതാവ് എ. ബാലറാം നിര്യാതനായി
text_fieldsകോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. ബാലറാം (79) നിര്യാതനായി. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയിലധികമായി ചികിത്സയിലായിരുന്നു. മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃനിരയിലെ പ്രമുഖനായിരുന്ന ബാലറാം ദീര്‍ഘകാലം കോഴിക്കോട് ജില്ല കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായും തുടര്‍ന്ന് കെ.പി.സി.സി നിർവാഹക സമിതി അംഗമായും പ്രവര്‍ത്തിച്ചു. 1981ലും 1991ലും കുന്ദമംഗലം നിയോജകമണ്ഡലത്തിലും 2011ല്‍ ബാലുശ്ശേരിയിലുമാണ് മത്സരിച്ചത്.
പ്രഥമ ജില്ല കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബാലറാം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം, ജില്ല പഞ്ചായത്ത് ഭരണസമിതി അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആർ.ടി.എ അംഗം, ഡി.ആർ.ഡി.എ ഗവേണിങ് ബോര്‍ഡ് അംഗം, ടെലിഫോണ്‍ ഉപദേശക സമിതി അംഗം, പട്ടികജാതി വികസന കോർപറേഷന് ഡയറക്ടർ, പട്ടികജാതി-വര്‍ഗ ഉപദേശക സമിതി അംഗം എന്നീ നിലകളില്‍ വിവിധ കേന്ദ്ര -സംസ്ഥാന ബോര്‍ഡുകളിലും കോർപറേഷനുകളിലും അംഗമായിരുന്നു. ഭാരതീയ അധഃകൃതവര്‍ഗ ലീഗ്, ദലിത് കോണ്‍ഗ്രസ് എന്നിവയുടെ സംസ്ഥാന ഭാരവാഹിയായും പ്രവര്‍ത്തിച്ചു. മൃതദേഹം ഡി.സി.സി ഓഫിസില്‍ പൊതുദര്‍ശനത്തിനു വെച്ചു.
ഭാര്യ: ജാനകി. മക്കൾ: റീന, റിജേഷ് റാം, റിനീഷ്ബാൽ. മരുമക്കൾ: ശങ്കരൻ, അപര്‍ണ. സഹോദരങ്ങള്‍: സുനിതി, സുശീല, റീന. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കുന്ദമംഗലം പതിമംഗലത്തെ തറവാട് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.