പൊലീസ് സ്റ്റേഷന് നൽകിയ സ്ഥലം ‘കസ്റ്റഡി’യിലെടുക്കാൻ ഒരുങ്ങി ബാലരാമപുരം പഞ്ചായത്ത്
text_fieldsബാലരാമപുരം: ബാലരാമപുരം പൊലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവദിച്ച സ്ഥലം തിരികെ എടുക്കാനൊരുങ്ങി ബാലരാമപുരം പഞ്ചായത്ത്. ബാലരാമപുരം ജങ്ഷന് സമീപം കച്ചേരിക്കുളത്ത് 2018ല്‍ പൊലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് സ്ഥലം അനുവദിച്ചിട്ടും ഇതുവരെ ഒരു നടപടിയും തുടങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ മാസം ചേർന്ന പഞ്ചായത്ത് ഭരണസമിതിയിൽ ഭൂരിഭാഗം അംഗങ്ങളും പൊലീസ് സ്റ്റേഷന് അനുവദിച്ച സ്ഥലം തിരികെ എടുക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
കോടികള്‍ വിലമതിക്കുന്ന സ്ഥലം സ്റ്റേഷന്‍ നിർമിക്കുന്നതിന് നല്‍കിയിട്ടും ഉപയോഗിക്കാതെ നശിക്കുന്നതാണ് പഞ്ചായത്ത് അംഗങ്ങളെ ചൊടിപ്പിച്ചത്. അടുത്ത ഭരണസമിതി യോഗത്തിൽ സ്ഥലം തിരികെ എടുക്കുന്നത് അജണ്ടയായി ഉൾപ്പെടുത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഒരു ഉപയോഗവുമില്ലാതെ കിടക്കുന്ന സ്ഥലം മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് നിർദേശം.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ജങ്ഷനിൽ നിലവിലുണ്ടായിരുന്ന സ്റ്റേഷന്‍ മാറ്റിയതോടെയാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി കൂടുതല്‍ സൗകര്യപ്രദമായ ഇടത്ത് പുതിയ സ്ഥലം അനുവദിച്ചത്. ആദ്യഘട്ടത്തില്‍ പത്ത് സെന്റ് സ്ഥലം നൽകിയെങ്കിലും സൗകര്യം പോരെന്ന് ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാണിച്ചു. തുടര്‍ന്ന് 20 സെന്റ് സ്ഥലം നൽകി. മാതൃകാ സ്റ്റേഷനാക്കുന്നതിന് കുറഞ്ഞത് 40 സെന്റ് സ്ഥലമെങ്കിലും വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം.
പൊലീസ് സ്റ്റേഷന്‍ പനയാറകുന്നിലെ വാടക കെട്ടിടത്തിലേക്ക് മാറ്റിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അനുവദിച്ച സ്ഥലത്ത് കെട്ടിട നിര്‍മ്മാണത്തിന് നടപടി സ്വീകരിക്കാത്തതാണ് ആക്ഷേപത്തിനിടയാക്കുന്നത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് സ്റ്റേഷന് ഒരോ വര്‍ഷവും നല്ലൊരു തുകയാണ് വാടകയായി നല്‍കി വരുന്നത്.
അടുത്ത ഭരണസമിതി യോഗത്തിൽ സ്ഥലം തിരികെ എടുക്കുന്നതിനുള്ള അജണ്ട വരുന്നതോടെ പൊലീസ് സ്റ്റേഷന് സ്ഥലത്തിനായി കാത്തിരിപ്പ് തുടരേണ്ടിവരും. കൈയിൽ കിട്ടിയ കണ്ണായ സ്ഥലമാണ് ആഭ്യന്തരവകുപ്പിന്റെ അനാസ്ഥയില്‍ പൊലീസിന് നഷ്ടപ്പെടാന്‍ പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.