വി.എസ്. സുനിൽ കുമാറിന് അനൗൺസറായി ‘ബാൽസി’
text_fieldsതൃശൂർ: ‘മനുഷ്യനും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിൽ നിന്നും കരൾപറിച്ചെടുക്കുന്ന കരാളഹസ്തങ്ങൾക്ക് തൃശൂരിനെ വിട്ടു കൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് തൃശൂരിന്റെ സുനിൽകുമാർ ഇതുവഴി കടന്നു വരുന്നു’... സ്ഥാനാർഥി വി.എസ്. സുനിൽകുമാറിന്റെ റോഡ്ഷോയിൽ പൈലറ്റ് വാഹനത്തിൽ നിന്നുമുയർന്ന വാക്പ്രവാഹം കേട്ട് ആളുകളൊന്ന് സംശയിച്ചു... പിന്നെ വാഹനത്തിലേക്കായി നോട്ടം... സംശയിച്ചത് തെറ്റിയില്ല. പി. ബാലചന്ദ്രൻ എം.എൽ.എ ആയിരുന്നു റോഡ് ഷോയുടെ അനൗൺസർ. രാഷ്ട്രീയത്തിനതീതമായി അടുത്തറിയാവുന്നവരുടെയെല്ലാം ‘ബാൽസി’.
സംഘടനാ രംഗത്തെയും പഠനകാലത്തെയും ഒരേ തലമുറയിൽപ്പെട്ടവർ, തൃശൂരിന്റെ ഭാഷയെടുത്താൽ ‘ചങ്കുകൾ’. സുനിൽകുമാറൊഴിഞ്ഞ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് ബാലചന്ദ്രൻ ആയിരുന്നുവെങ്കിലും ‘സ്ഥാനാർഥി’യായി ഓടി നടന്നത് സുനിൽകുമാർ ആയിരുന്നു. ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി അത്രമേൽ പ്രതീക്ഷ വെച്ചുപുലർത്തുന്ന മണ്ഡലമാണ് തൃശൂർ. പാർട്ടി നേതാവായതോടെ അനൗൺസ്മെന്റുകളിൽ നിന്ന് മാറിയ ബാലചന്ദ്രൻ ദീർഘ ഇടവേളക്ക് ശേഷം വീണ്ടും അനൗൺസർ വേഷം ധരിക്കുകയായിരുന്നു.
നിയമസഭയിലും പൊതുസമ്മേളനങ്ങളിലും രാഷ്ട്രീയ എതിരാളികളെ ചരിത്രം പറഞ്ഞും പുരാണങ്ങളും ഇതിഹാസങ്ങളോട് ഉപമിച്ചുമുള്ള ബാലചന്ദ്രന്റെ പ്രസംഗങ്ങൾ ഏറെ രസകരമാണ്. അയോധ്യ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് നടത്തിയ രാമായണ കഥയെ വ്യാഖ്യാനിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഏറെ വിവാദമാവുകയും പാർട്ടിയെ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു. കുറിപ്പ് പിൻവലിച്ച് ഖേദപ്രകടനം നടത്തിയെങ്കിലും പരസ്യ ശാസനയെന്ന അച്ചടക്ക നടപടി സ്വീകരിച്ചാണ് പാർട്ടി ഈ കാര്യത്തിൽ വിവാദത്തിന് അവസാനമിട്ടത്. തൃശൂരിന് മുഖവുര വേണ്ടാത്തവരാണ് സുനിൽകുമാറും ബാലചന്ദ്രനും.
നേരത്തെ കോവിഡും പ്രളയകാലത്തും മുഖ്യമന്ത്രി പിണറായി വിജയൻ പ്രയോഗിച്ച ‘ന്നാ മ്മ്ക്ക്ങ്ങ്ട് ഒന്നിച്ചറങ്ങല്ലേ’ എന്ന വാചകം ജനങ്ങളാകെ ഏറ്റെടുത്തിരുന്നു. ഇതിന് സമാനമായി ‘ന്നാ മ്മ്ക്ക്ങ്ങ്ട് ഇറങ്ങല്ലേ’ കാപ്ഷൻ ആണ് ഇടതുമുന്നണി ഈ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത്. റോഡ്ഷോയിൽ ഉയർത്തിയ ബാനറും ഈ വാചകത്തോടെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.