ഇടതിന്റെ ഉറച്ച കോട്ട; ലോക്സഭയിൽ വലത്തേക്ക്
text_fieldsബാലുശ്ശേരി: കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽപ്പെടുന്ന ബാലുശ്ശേരി നിയമസഭ മണ്ഡലം ഇടതിന്റെ ഉറച്ച കോട്ടയാണെങ്കിലും ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം നിലകൊള്ളുമോ എന്നത് കാത്തിരുന്നുകാണണം. ബാലുശ്ശേരിയിലെ ഇടതുവോട്ടിന്റെ ഏറ്റക്കുറച്ചിലുകളാണ് ലോക്സഭയിലേക്കുള്ള ഇടതുസ്ഥാനാർഥിയുടെ ജയപരാജയം നിർണയിക്കുക എന്നാണ് പറയാറ്. അതിനാൽത്തന്നെ ഇരു മുന്നണികളും വൻ പ്രചാരണമാണ് ബാലുശ്ശേരിയിൽ നടത്തുന്നത്.
1970 മുതൽ ഇടതിനൊപ്പം നിലകൊണ്ട മണ്ഡലം 2014 മുതൽ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമാണ്. നിയമസഭ തെരഞ്ഞെടുപ്പിലാകട്ടെ ഇടതുമുന്നണിക്കൊപ്പവും. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജയം 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എം.കെ. രാഘവന് 667 വോട്ടിന്റെ ഭൂരിപക്ഷം നൽകിയ മണ്ഡലം 2019ൽ ഭൂരിപക്ഷം 9,745 ആയി ഉയർത്തിനൽകി.
ഇത്തവണയും ഭൂരിപക്ഷം വർധിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. മുന്നണി ബന്ധങ്ങളിലൊന്നും കാര്യമായ മാറ്റമില്ലെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറയുന്നത് ഇടതുമുന്നണിയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. യു.ഡി.എഫിനൊപ്പമുണ്ടായിരുന്ന കേരള കോൺഗ്രസ് മാണി ഗ്രൂപ്പും എൽ.ജെ.ഡിയും ഇപ്പോൾ ഇടതിനൊപ്പമാണ്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് പ്രവർത്തകരുള്ള പഞ്ചായത്താണ് കൂരാച്ചുണ്ട്.
മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിൽ ആറിൽ എൽ.ഡി.എഫിന്റെയും മൂന്നിടത്ത് യു.ഡി.എഫിന്റെയും ഭരണമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭരിക്കുന്ന മൂന്നു പഞ്ചായത്തുകളിൽ ഒന്നിൽ മാത്രമാണ് യു.ഡി.എഫിന് നേരിയ ഭൂരിപക്ഷം കിട്ടിയത്.
യു.ഡി.എഫ് ഭരിക്കുന്ന ഉണ്ണികുളം പഞ്ചായത്തിൽ 1,494 വോട്ടിന്റെയും അത്തോളി പഞ്ചായത്തിൽ 2,186 വോട്ടിന്റെയും ഭൂരിപക്ഷം എൽ.ഡി.എഫിനായിരുന്നു. കൂരാച്ചുണ്ട് പഞ്ചായത്തിൽ മാത്രമാണ് 742 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫ് നേടിയത്.
എൻ.ഡി.എ സ്ഥാനാർഥി എം.ടി. രമേശും മണ്ഡലത്തിൽ സജീവമാണെങ്കിലും പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് തർക്കങ്ങൾ പ്രചാരണത്തിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് 18,836 വോട്ടാണ് ലഭിച്ചത്. എന്നാൽ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് 16,490 ആയി.
അടിയൊഴുക്കുകളില്ലെങ്കിൽ ബാലുശ്ശേരിയിൽ കണക്കുകൾ പിഴക്കില്ലെന്നാണ് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം. സംസ്ഥാന സർക്കാറിന്റെ വികസന പ്രവർത്തനങ്ങളും കേന്ദ്ര സർക്കാറിനെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത വർഗീയ വിരുദ്ധ നിലപാടും മണ്ഡലത്തിൽ എൽ.ഡി.എഫിന് തുണയാകുമെന്നാണ് പ്രതീക്ഷ.
നാലാംവട്ടം മത്സരത്തിനിറങ്ങിയ എം.കെ. രാഘവന് ബാലുശ്ശേരി മണ്ഡലത്തിൽ നിലവിലുള്ള ഭൂരിപക്ഷം ഇത്തവണ വർധിപ്പിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. എം.പി എന്ന നിലയിൽ15 വർഷത്തിനുള്ളിൽചെയ്ത വികസനപ്രവർത്തനങ്ങളുടെ നേട്ടങ്ങളും പ്രചാരണത്തിലുണ്ട്.
സംസ്ഥാനത്ത് എയിംസ് അനുവദിക്കുകയാണെങ്കിൽ അത് ബാലുശ്ശേരി മണ്ഡലത്തിലെ കിനാലൂരായിരിക്കുമെന്നും എയിംസ് കോഴിക്കോട് കൊണ്ടുവരാനുള്ള തീവ്രശ്രമം തുടർന്നു നടത്തുമെന്നുമാണ് തെരഞ്ഞെടുപ്പ്പ്രചാരണ യോഗങ്ങളിൽ രാഘവന്റെ പ്രധാന വാഗ്ദാനം.
ബാലുശ്ശേരി മണ്ഡലം ഒറ്റനോട്ടത്തിൽ
ജയിച്ചത്: എൽ.ഡി.എഫ്
എം.എൽ.എ: കെ.എം. സച്ചിൻദേവ്
ഭൂരിപക്ഷം: 20,372
പഞ്ചായത്തുകളിലെ ഭരണം
ഉണ്ണികുളം -യു.ഡി.എഫ്
പനങ്ങാട് -എൽ.ഡി.എഫ്
ബാലുശ്ശേരി -എൽ.ഡി.എഫ്
കായണ്ണ -എൽ.ഡി.എഫ്
കോട്ടൂർ -എൽ.ഡി.എഫ്
നടുവണ്ണൂർ -എൽ.ഡി.എഫ്
ഉള്ള്യേരി -എൽ.ഡി.എഫ്
അത്തോളി -യു.ഡി.എഫ്
കൂരാച്ചുണ്ട് -യു.ഡി.എഫ്
നിലവിലെ വോട്ടർമാർ
ആകെ വോട്ടർ -231158
പുരുഷന്മാർ -111091
സ്ത്രീകൾ -120064
ട്രാൻസ്ജൻഡർ -03
2019ലെ ലോക്സഭ വോട്ടുനില
എം.കെ. രാഘവൻ (യു.ഡി.എഫ്) - 83059
എ. പ്രദീപ് കുമാർ (എൽ.ഡി.എഫ്) - 73314
കെ.പി. പ്രകാശ് ബാബു(എൻ.ഡി.എ) -18836
യു.ഡി.എഫ് ഭൂരിപക്ഷം -9745
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.