ആൾക്കൂട്ട മർദനം: ജിഷ്ണുവിനെതിരെ പരാതി നൽകിയവരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനും
text_fieldsബാലുശ്ശേരി: എസ്.ഡി.പി.ഐ ഫ്ലക്സ് ബോർഡ് നശിപ്പിച്ചതിന്റെ പേരിൽ ആൾക്കൂട്ടം മർദിച്ച ജിഷ്ണുവിനെതിരെ പരാതി നൽകിയവരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനും. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ നജാഫ് ഹാരിസ് ആണ് പരാതി നൽകിയതെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. നജാഫ് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജിഷ്ണുവിനെതിരെ ബാലുശ്ശേരി പൊലീസ് കേസെടുത്തത്.
അതേസമയം, നജാഫ് ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവർത്തകനല്ലെന്ന് സംസ്ഥാന പ്രസിഡന്റ് വസീഫ് മാധ്യമങ്ങളോട് പറഞ്ഞു. മൊഴി കൊടുത്ത സാഹചര്യം പരിശോധിക്കും. ആൾക്കൂട്ട ആക്രമണമല്ലെന്നും ബോധപൂർവം ആളുകളെ വിളിച്ചു കൂട്ടിയുള്ള കലാപമാണ് നടന്നതെന്നും വസീഫ് ആരോപിച്ചു.
തൃക്കുറ്റിശ്ശേരി വാഴയിന്റെ വളപ്പിൽ ജിഷ്ണുവിനെ ആൾക്കൂട്ടം മർദിച്ച കേസിൽ അഞ്ചു പേർ പൊലീസ് കസ്റ്റഡിയിലാണ്. തിരുവോട് സ്വദേശികളായ മുഹമ്മദ് ഇജാസ്, മുഹമ്മദ് സാലി, നജാലി, റിയാസ്, ഹാരിസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. 29 പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ കേസെടുത്തിട്ടുണ്ട്.
എസ്.ഡി.പി.ഐയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നിലനിന്ന തർക്കമാണ് മർദനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പാലോളി മുക്കിൽവെച്ച് വ്യാഴാഴ്ച പുലർച്ചെ ജിഷ്ണുവിനെ പിടികൂടിയ സംഘം മർദിച്ച ശേഷം മൂന്നു മണിയോടെയാണ് ബാലുശ്ശേരി പൊലീസിൽ ഏൽപിച്ചത്. 30ഓളം പേർ ചേർന്ന് മർദിച്ചതായി ജിഷ്ണു പറയുന്നു.
ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതിന് ജിഷ്ണുവിന്റെ പേരിൽ ബാലുശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. ഫ്ലക്സ് നശിപ്പിക്കാൻ വടിവാളുമായെത്തിയ ജിഷ്ണുവിനെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നുവെന്നും ബോർഡും കൊടിയും നശിപ്പിക്കാൻ പറഞ്ഞുവിട്ട സി.പി.എം പ്രാദേശിക നേതാക്കളുടെ പേര് ജിഷ്ണു വെളിപ്പെടുത്തിയെന്നും എസ്.ഡി.പി.ഐ പ്രവർത്തകർ പറയുന്നു.
ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി ജിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുകയും സാരമായ പരിക്കേറ്റതിനാൽ താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.