ധർമജന് ഇന്ന് ബാലുശ്ശേരിയിൽ വരവേൽപ്
text_fieldsബാലുശ്ശേരി: അഭ്യൂഹങ്ങൾക്കൊടുവിൽ ബാലുശ്ശേരിയിൽ യു.ഡി.എഫ് സ്ഥാനാർഥിയായ നടൻ ധർമജൻ ബോൾഗാട്ടിക്ക് ഇന്ന് മണ്ഡലത്തിൽ സ്വീകരണമൊരുക്കും. തിങ്കളാഴ്ച ഉച്ച രണ്ടിന് പൂനൂരിലാണ് യു.ഡി.എഫ് നേതൃത്വത്തിൽ വാഹനജാഥയുടെ അകമ്പടിയോടെ സ്വീകരണം നൽകുക.
ധർമജൻ ബോൾഗാട്ടിയുടെ പേര് മാസങ്ങൾക്കു മുമ്പേ പ്രചരിച്ചതാണെങ്കിലും കെ.പി.സി.സി പ്രഖ്യാപിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. ജനുവരിയിൽതന്നെ ധർമജൻ ബാലുശ്ശേരിയിലെ കോൺഗ്രസ് പ്രാദേശിക നേതാക്കളോടൊപ്പം ജനശ്രീ പരിപാടികളിലും മറ്റു സന്നദ്ധ പരിപാടികളിലും പങ്കെടുത്തിരുന്നു. ഫെബ്രുവരിയിൽ മണ്ഡലത്തിലെ കലാകാരന്മാരെയും രാഷ്ട്രീയ പ്രമുഖരെയും കണ്ട് മടങ്ങി. ഈ മാസം തുടക്കത്തിലും ബാലുശ്ശേരിയിലെത്തി. ഇത്തവണ ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെത്തി ദർശനവും നടത്തി.
ഇതിനിടക്കാണ് സ്ഥാനാർഥിപ്രഖ്യാപനം വരു മുമ്പെ ബാലുശ്ശേരിയിലെ പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്ന കെ.പി.സി.സി ശാസന വന്നത്.
ദലിത് കോൺഗ്രസ് ജില്ല നേതൃത്വവും മണ്ഡലത്തിലെ ഒരു വിഭാഗം കോൺഗ്രസുകാരും ധർമജനെതിരെ പ്രതിഷേധമുയർത്തിയിരുന്നു. കഴിഞ്ഞയാഴ്ചതന്നെ ധർമജന് വോട്ടഭ്യർഥിച്ച് കൂറ്റൻ ഫ്ലക്സ് ബോർഡുകളും കോക്കല്ലൂർ ഭാഗത്ത് സ്ഥാപിക്കുകയുണ്ടായി. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പോലും അറിയാതെയാണ് ധർമജനുവേണ്ടിയുള്ള ചരടുവലികളും പ്രചാരണ പ്രവർത്തനങ്ങളും നടക്കുന്നത് എന്നതിൽ ബാലുശ്ശേരിയിലെ കോൺഗ്രസ് പ്രവർത്തകരും അതൃപ്തരായിരുന്നു. കെ.പി.സി.സിയുടെ ഏതു തീരുമാനവും അംഗീകരിക്കുമെന്ന നിലപാടിലാണിപ്പോൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി.
എറണാകുളം ജില്ലയിലെ മുളവുകാട് പഞ്ചായത്തിൽ കർഷക തൊഴിലാളികളായിരുന്ന വി.സി. കുമാരെൻറയും മാധവി കുമാരെൻറയും മകനായ ധർമജൻ മുളവുകാട് എ.എൽ.പി സ്കൂളിലും പൊന്നാരിമംഗലം ഹിദായത്തുൽ ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് എറണാകുളം സെൻറ് ആൽബർട്സ് കോളജിൽ തുടർപഠനവും നടത്തി.
സ്കൂൾ പഠനകാലത്ത് കെ.എസ്.യു പാനലിൽ സ്കൂൾ ലീഡറായി സംഘടന രംഗത്തേക്കു വന്ന ധർമജൻ കെ.എസ്.യു ജില്ല സെക്രട്ടറി, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി എന്നീ സംഘടന സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ നടന്ന കുടിവെള്ള പ്രക്ഷോഭം നയിച്ച് ജയിൽവാസവുമനുഷ്ഠിച്ചിട്ടുണ്ട്. കോൺഗ്രസ് സേവാദൾ സംസ്ഥാനതല ക്യാമ്പിലെ ബെസ്റ്റ് കാഡറ്റായിരുന്നു. ഭാര്യ: അനൂജ, മക്കൾ: വൈഗ, വേദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.