ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ വ്യാപകം; വലഞ്ഞ് ഇടപാടുകാർ
text_fieldsകൊച്ചി: ഡിജിറ്റൽ പണവിനിമയ സംവിധാനങ്ങളിലൂടെ ഇടപാടുകൾ നടത്തുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെടുന്നത് സംസ്ഥാനത്ത് വ്യാപകമാകുന്നു. വിവിധ ജില്ലകളിലായി നിരവധി അക്കൗണ്ടാണ് മരവിപ്പിക്കപ്പെടുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള പൊലീസിന്റെ നിർദേശ പ്രകാരമാണ് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെടുന്നതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. അക്കൗണ്ട് മരവിപ്പിക്കപ്പെടുന്നതോടെ ഉടമകൾ പണം പിൻവലിക്കാനോ, മറ്റുള്ളവർക്ക് പണം കൈമാറാനോ കഴിയാതെ വലയുകയാണ്.
യു.പി.ഐ (യൂനിഫൈഡ് പേമെന്റ് ഇന്റർഫേസ്) വഴി പണം കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ടുകളാണ് പ്രധാനമായും മരവിപ്പിക്കപ്പെട്ടത്. ഗുജറാത്ത്, ആന്ധ്ര, പഞ്ചാബ്, ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന തട്ടിപ്പുകളുടെ പേരിലാണ് ഇവിടെയുള്ളവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നത്. മരവിപ്പിക്കുമെന്ന മുന്നറിയിപ്പോ, മരവിപ്പിച്ചു എന്ന അറിയിപ്പോപോലും ബാങ്ക് അധികൃതർ അക്കൗണ്ട് ഉടമകൾക്ക് നൽകുന്നില്ല. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് ആവശ്യപ്പെടുന്നതനുസരിച്ചും ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി വരുന്ന നിർദേശം അനുസരിച്ചുമാണ് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെടുന്നതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. തങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാനില്ലെന്നും അവർ പറയുന്നു.
തുക കൈമാറ്റം ചെയ്തതായി പരാതിയിൽ പറയുന്ന അക്കൗണ്ട് നമ്പർ കൂടാതെ അതേ അക്കൗണ്ടിൽനിന്ന് പണം കൈമാറ്റം ചെയ്ത മറ്റ് അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നിർദേശമാണ് പൊലീസ് ബാങ്കുകൾക്ക് നൽകുന്നത്.
പണം തട്ടിയെടുക്കുന്നവർ അത് അപ്പോൾതന്നെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുക പതിവാണ്. അതിനാലാണ് അതേ അക്കൗണ്ടിൽനിന്ന് പണം കൈമാറിയ അക്കൗണ്ടുകളും മരവിപ്പിക്കുന്നത്. ഏതെങ്കിലും സാധനങ്ങൾ വാങ്ങിയതിനോ മറ്റോ 100 രൂപ കൈമാറിയാലും അതും മരവിപ്പിക്കപ്പെടുന്ന അവസ്ഥയാണ്. ഓൺലൈൻ ട്രേഡിങ് നടത്തുന്ന അക്കൗണ്ടുകളിൽനിന്നുള്ള തുക കൈമാറ്റങ്ങൾക്കാണ് ഇത്തരം നടപടികൾ കൂടുതലായും വരുന്നത്. ചില വ്യാജ പരാതികളുടെ പേരിലും അക്കൗണ്ടുകൾ മരവിപ്പിക്കപ്പെടുന്നു.
ഫെഡറൽ ബാങ്ക് അക്കൗണ്ടുകളാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരവിപ്പിക്കപ്പെടുന്നത്. അക്കൗണ്ട് മരവിപ്പിക്കാൻ പൊലീസ് നിർദേശം നൽകിയാൽ അത് പാലിക്കാൻ ബാങ്കുകൾക്ക് ബാധ്യതയുണ്ട് എന്നാണ് ഫെഡറൽ ബാങ്ക് പറയുന്നത്. ഇത് പുതിയ പ്രതിഭാസമല്ല. മുമ്പും നടക്കുന്നതാണ്.
എന്തുകൊണ്ടാണ്, ഏത് കേസിന്റെ ഭാഗമായാണ്, പൊലീസ് നൽകിയ വിവരം എന്താണ് തുടങ്ങിയ കാര്യങ്ങളെല്ലാം ഇടപാടുകാരെ അറിയിക്കുന്നുവെന്നും ഫെഡറൽ ബാങ്ക് ചീഫ് മാർക്കറ്റിങ് ഓഫിസർ എം.വി.എസ്. മൂർത്തി ‘മാധ്യമ’ത്തോട് പറഞ്ഞു.
അക്കൗണ്ട് പ്രവർത്തനരഹിതമായി എന്ന പരാതിയുമായി ബാങ്കിൽ ചെല്ലുമ്പോഴാണ് മരവിപ്പിച്ച വിവരം അറിഞ്ഞതെന്നും ബാങ്കിൽനിന്ന് ഒരുവിവരവും അറിയിച്ചിട്ടില്ലെന്നും ഇടപാടുകാരും ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.