ജീവിച്ചിരിക്കുന്ന ഡോക്ടറെ 'കൊന്ന്' ബാങ്ക് ജീവനക്കാർ 2.25കോടി തട്ടി
text_fieldsമംഗളൂരു: ഡോക്ടർ മരിച്ചതായി വ്യാജ രേഖയുണ്ടാക്കി അദ്ദേഹത്തിന്‍റെ അക്കൗണ്ടിൽ നിന്ന് ബാങ്ക് ജീവനക്കാർ 2.25 കോടി രൂപ തട്ടിയെടുത്തതായി പരാതി. ആക്സിസ് ബാങ്കിന്‍റെ മംഗളൂരു ശാഖയിൽ നിന്ന് ഡോ.സുനിൽ ദേവപ്രസാദ് ജതനയുടെ അക്കൗണ്ടിൽ നിന്നാണ് പണം ചോർത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ബാങ്ക് ജീവനക്കാർക്കും അജ്ഞാതരായ ഏതാനും പേർക്കുമെതിരെ പൊലീസ് കേസെടുത്തു. ബാങ്ക് മാനജർ ഓംകൃഷ്ണ പട്ടേലാണ് പരാതി നൽകിയത്.
ബാങ്ക് ജീവനക്കാരായ സന്ദീപ് ദഖ്റ, ഡവൻ ബൽഡ, മുൻ ജീവനക്കാരൻ ദവൽ ഭികാദിയ എന്നിവർക്ക് പുറമെ സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞ അജ്ഞാതർക്കെതിരെയും പൊലീസ് കേസെടുത്തു. ഈമാസം എട്ട് മുതൽ 18 വരെ മൂന്നു തവണകളായാണ് ബാങ്കിന്‍റെ മംഗളൂരു, ഹരിയാനയിലെ സിർസ ശാഖകളിൽ നിന്നായി പണം പിൻവലിച്ചത്.
ഡോക്ടർ മരിച്ചതായി രേഖയുണ്ടാക്കുകയും റജിസ്ട്രേഷൻ, ഫോൺ നമ്പറുകളിൽ മാറ്റം വരുത്തുകയും ചെയ്ത ശേഷം അക്കൗണ്ടിൽ തിരിമറി നടത്തിയാണ് തട്ടിപ്പെന്ന് പ്രാഥമിക അന്വേഷണത്തിൽ അറിവായി. ജീവനക്കാരുടെ ഒത്താശയോടെ ബാങ്കുകളിൽ നിന്ന് പണംതട്ടുന്ന മാഫിയ ശക്തിപ്പെടുന്നതിന്‍റെ സൂചനയുള്ളതിനാൽ ഇടപാടുകാർ ജാഗ്രത പുലർത്തണമെന്ന് പൊലീസ് അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.