ക്രെഡിറ്റ് കാര്‍ഡ് വഴി വന്‍ തുക സംഘടിപ്പിച്ച് നല്‍കാമെന്ന് സന്ദേശമയച്ച് ബാങ്ക് തട്ടിപ്പ് വ്യാപകം
text_fieldsതിരുവനന്തപുരം: ക്രെഡിറ്റ് കാര്‍ഡ് വഴി വന്‍ തുക സംഘടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം നൽകിയും എസ്.ബി.െഎ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തെന്ന് സന്ദേശമയച്ചുമുള്ള തട്ടിപ്പ് വ്യാപകം. പുതിയ രീതിയിലുള്ള തട്ടിപ്പാണിതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. പരസ്യം നൽകിയാണ് ക്രെഡിറ്റ് കാര്‍ഡ് ഉടമകളെ ഇതിനായി ഇൗ സംഘം ആകർഷിക്കുന്നത്. പരസ്യത്തില്‍ ആകൃഷ്ടരാകുന്ന വ്യക്തി തട്ടിപ്പ് സംഘവുമായി ബന്ധപ്പെട്ടാല്‍ ഉടന്‍ തട്ടിപ്പുകാരുടെ പ്രതിനിധി സമീപിക്കും. പിന്നീട് ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, സി.വി.വി നമ്പര്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ആവശ്യപ്പെടും. അത് നൽകുന്നവർ കബളിപ്പിക്കപ്പെടും. സംശയമുന്നയിച്ചാല്‍ ഇത്തരത്തിലെത്തുന്ന ആളുകൾ ഒഴിഞ്ഞുമാറും. പിന്നീട് അവർ ഫോണ്‍ എടുക്കാതാകുകയും ബ്ലോക്ക് ചെയ്യുകയുമാണ് പതിവ്.
ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി അധികമായി തുക പിന്‍വലിക്കുന്നതിന് ബാങ്കുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മറികടക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഇൗ തട്ടിപ്പ്. ഇതിനായി കമീഷനും അവർ ആവശ്യപ്പെടും. ഇത്തരത്തില്‍ കൈക്കലാക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഡ്യൂപ്ലിക്കേറ്റ് കാർഡെടുത്ത് പണം തട്ടുന്ന രീതിയാണ് തട്ടിപ്പ് സംഘങ്ങള്‍ സ്വീകരിക്കുന്നത്. കൂടാതെ കാര്‍ഡ് വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ കൈമാറുന്നവരുമുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
എസ്.ബി.െഎ അക്കൗണ്ട് ബ്ലോക്ക് ചെയ്തെന്ന നിലയിലുള്ള സന്ദേശമയച്ച് മറ്റൊരു രീതിയിലുള്ള തട്ടിപ്പുമുണ്ട്. അക്കൗണ്ട് ബ്ലോക്ക് ചെയ്തെന്ന് ബാങ്കിന് സമാനമായ സന്ദേശമാകും വരിക. വീണ്ടും അക്കൗണ്ട് സജീവമാക്കാൻ താഴെ കാണുന്ന ലിങ്കിൽ കയറി ബാങ്ക് വിവരങ്ങൾ നൽകുകയെന്നതാണ് സന്ദേശം. ഇത് യഥാർഥമാണെന്ന് തെറ്റിദ്ധരിച്ച് പലരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്വേർഡ് ഉൾപ്പെടെ വിവരങ്ങളും കൈമാറും. അതോടെ പണവും നഷ്ടമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.