പലിശരഹിത നിക്ഷേപവും ബാങ്ക് ഗാരൻറിയും നൽകണമെന്ന ഉത്തരവിന് സ്റ്റേ
text_fieldsകൊച്ചി: പെരിന്തൽമണ്ണ എം.ഇ.എസ്, കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളജുകളിലെ 35 ശതമാനം മാനേജ്മെൻറ് സീറ്റിൽ പ്രവേശനം നേടുന്നവർ 11 ലക്ഷം രൂപയുടെ പലിശരഹിത നിക്ഷേപവും 44 ലക്ഷം രൂപയുടെ ബാങ്ക് ഗാരൻറിയും നൽകണമെന്ന എൻട്രൻസ് കമീഷണറുടെ ഉത്തരവിന് ഹൈകോടതി സ്റ്റേ.
44 ലക്ഷം രൂപയുടെ ബാങ്ക് ഗാരൻറിക്ക് പകരം തുല്യമായ ബോണ്ട് കെട്ടിവെച്ചാൽ മതിയെന്ന് ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കി. ഇരു കോളജുകളിലെയും മാനേജ്മെൻറ് സീറ്റിലേക്ക് ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനം നൽകാനാവൂ. ഈ വിഭാഗങ്ങളിൽനിന്ന് മതിയായ വിദ്യാർഥികൾ ഇല്ലാത്തപക്ഷം പ്രവേശന പരീക്ഷ കമീഷണർക്ക് രണ്ടര ലക്ഷം ഫീസ് ഇൗടാക്കി ജനറൽ മെറിറ്റിൽനിന്ന് പ്രവേശനം നടത്താം.
ഫീസ് നിർണയ സമിതി നിശ്ചയിച്ച ഫീസ് നിരക്ക് അട്ടിമറിക്കുന്നുവെന്നാരോപിച്ച് തിരുവല്ല സ്വദേശി നൈനാൻ വർഗീസ് പുഞ്ചമണ്ണിൽ നൽകിയ ഹരജിയിലാണ് ആഗസ്റ്റ് 11 ലെ എൻട്രൻസ് കമീഷണറുടെ ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. സർക്കാറുമായി കരാർ ഒപ്പിട്ട കോളജുകളാണ് രണ്ടും.
ഫീസ് നിർണയത്തിന് രൂപം നൽകിയ ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റി ശിപാര്‍ശകളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാറിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്. ആഗസ്റ്റ് 11ലെ ഉത്തരവിലൂടെ പ്രവേശന പരീക്ഷ കമീഷണർ പുതിയ നിബന്ധനകൾ കൂട്ടിച്ചേർത്തെന്നും ഇത് സ്റ്റേ ചെയ്യണമെന്നും ഹരജിക്കാരെൻറ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഹൈകോടതിയുടെ ഈ മാസം ഒമ്പതിലെ ഇടക്കാല ഉത്തരവിെൻറ ലംഘനമാണിതെന്നും യോഗ്യതയില്ലാത്തവരെയും സമ്പന്നരെയും സഹായിക്കാനാണ് പുതിയ ഉത്തരവെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.