ജപ്തി ഭീഷണി: ഗൃഹനാഥൻ ജീവനൊടുക്കി
text_fieldsഈരാറ്റുപേട്ട: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്നുള്ള ജപ്തി നോട്ടീസിന് പിന്നാലെ ഗൃഹനാഥൻ തൂങ്ങിമരിച്ചു. തിടനാട് പൂവത്തോട് കട്ടക്കല്‍ കോളനിയില്‍ തൊട്ടിയില്‍ ഷാജിയാണ് (49) മരിച്ചത്. ബുധനാഴ്ച പുലർച്ച വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 29ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിലെത്തി ജപ്തി നോട്ടീസ് പതിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
കൂലിപ്പണിക്കാരനായിരുന്ന ഷാജി മഹീന്ദ്ര റൂറല്‍ ഹൗസിങ് ഫിനാന്‍സിെൻറ പാലാ ശാഖയിൽനിന്ന് വീട് നിർമാണത്തിനായി ഒരു വർഷം മുമ്പ് 1,30,000 രൂപ വായ്പയെടുത്തിരുന്നു. ഈ തുകയിലൊരു ഭാഗം മകളുടെ വിവാഹാവശ്യത്തിന് ചെലവഴിക്കുകയും ചെയ്തിരുന്നു. സ്ഥലം പണയപ്പെടുത്തിയായിരുന്നു വായ്പയെടുത്തത്. മാസം 4730 രൂപയായിരുന്നു തിരിച്ചടവ്. എന്നാൽ, നാല് മാസത്തെ തിരിച്ചടവ് മുടങ്ങി. 19,500 രൂപയാണ് കുടിശ്ശികയായത്. ഇത് ഉടൻ അടയ്ക്കണമെന്ന് കാട്ടിയാണ് ജപ്തി നോട്ടീസ് നൽകിയത്.
ധനകാര്യ സ്ഥാപനത്തിെൻറ ഫീൽഡ് ഓഫിസർ വീട്ടിൽവന്ന് ഭീഷണിസ്വരത്തിൽ സംസാരിച്ചിരുന്നതായി ഷാജിയുടെ മകൻ ശീഹരി പറഞ്ഞു. ഇവർ നിരന്തരം വീട്ടിലെത്തുമായിരുന്നു. പലപ്രാവശ്യമായി ഫീൽഡ് സൂപ്പർവൈസർമാർ യാത്ര ചെലവ് ഇനത്തിൽ 5,000ത്തോളം രൂപ കൈപ്പറ്റിയതായി ഭാര്യ പറഞ്ഞു. സൗജന്യമായി ലഭിച്ച നാല് സെൻറിലാണ് ഷാജി വീട് പണിതത്. ബാങ്കിെൻറ നടപടിയിൽ വൻ പ്രതിഷേധമാണുയരുന്നത്. ഭാര്യ: ശ്രീദേവി. മക്കൾ: ശ്രീഹരി, ഷാലു. മരുമകൻ: സനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.