ബാങ്ക് മാനേജർ 17 കോടിയുടെ സ്വർണവുമായി മുങ്ങി; സ്വർണത്തിന് 26 കിലോയിലധികം തൂക്കം
text_fieldsവടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ മുൻ മാനേജർ 17.20 കോടി രൂപയുടെ സ്വർണവുമായി മുങ്ങി. പണയ സ്വർണത്തിനു പകരം മുക്കുപണ്ടം വെച്ചാണ് ബാങ്ക് മാനേജർ സ്വർണം തട്ടിയെടുത്തത്. നഷ്ടപ്പെട്ട സ്വർണത്തിന് 26 കിലോയിലധികം തൂക്കംവരുമെന്നാണ് ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ പറയുന്നത്.
വടകര എടോടിയിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ മുൻ മാനേജർ തമിഴ്നാട് മേട്ടുപ്പാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധ ജയകുമാർ (34) നെതിരെ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാങ്കിൽ പുതുതായി ചാർജെടുത്ത മാനേജർ വി. ഇർഷാദിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
ബാങ്കിൽ പണയംവെച്ച സ്വർണത്തിനു പകരം സമാനമായ മുക്കുപണ്ടം വെച്ചാണ് തട്ടിപ്പ് നടത്തിയത്. ഏകദേശം 17 കോടി 20 ലക്ഷം രൂപയുടെ സ്വർണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് ബാങ്ക് അധികൃതർ കൂടുതൽ പരിശോധന നടത്തിവരുകയാണ്.
കഴിഞ്ഞ മൂന്നു വർഷമായി ബാങ്കിലെ മാനേജരാണ് തട്ടിപ്പ് നടത്തിയ മധ ജയകുമാർ. ജൂലൈയിൽ ഇയാൾക്ക് എറണാകുളം പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നെങ്കിലും അവിടെ ചാർജെടുത്തില്ല. വടകരയിൽ പുതുതായി ചുമതലയേറ്റ മാനേജർ പാനൂർ സ്വദേശി ഇർഷാദ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
2024 ജൂൺ 13 മുതൽ ജൂലൈ ആറു വരെ കാലയളവിൽ ഇടപാടുകാർ ബാങ്കിൽ പണയം വെച്ച 42 അക്കൗണ്ടുകളിൽ നിന്നാണ് സ്വർണം നഷ്ടമായത്. ഇതോടെ, ഇടപാടുകാർ അന്വേഷണവുമായി എത്തിയിട്ടുണ്ട്. വടകര സി.ഐ. എൻ സുനിൽ കുമാറിനാണ് അന്വേഷണ ചുമതല. ഭാരതീയ നാഗരിക് സുരക്ഷ സംഹിത 409 പ്രകാരമാണ് കേസെടുത്തത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.