ബാങ്ക്’ വിലക്ക്; ആർ.ബി.ഐക്കെതിരെ നിയമവഴി തേടാൻ സഹകരണ വകുപ്പ്
text_fieldsതിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങൾ ‘ബാങ്ക്’ എന്ന് ഉപയോഗിക്കുന്നതിനെതിരെ റിസർവ് ബാങ്ക് നിലപാട് കടുപ്പിച്ചതോടെ നിയമവഴി തേടാനൊരുങ്ങി സഹകരണ വകുപ്പ്. സഹകരണ സംഘങ്ങളെ ബാങ്ക് എന്ന നിലയിൽ കാണാനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി തന്നെ നേരത്തേ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ മുമ്പ് പലവട്ടം പരസ്യം നൽകിയ റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം വീണ്ടും മലയാളത്തിലും ഹിന്ദിയിലും പരസ്യം ആവർത്തിച്ചിരുന്നു. ഇതോടെയാണ് വിഷയം സഹകരണ വകുപ്പ് ഗൗരവമായെടുത്തത്.
1949ലെ ബാങ്കിങ് റെഗുലേഷൻ നിയമത്തിന്റെ സെക്ഷൻ-ഏഴ് വകുപ്പ് ലംഘിച്ച് ചില സഹകരണ സംഘങ്ങൾ ‘ബാങ്ക്’ എന്ന വാക്ക് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നാണ് റിസർവ് ബാങ്കിന്റെ അറിയിപ്പ്.
ഇത്തരം സഹകരണ സംഘങ്ങൾക്ക് ബി.ആർ. ആക്ട്-1949 പ്രകാരം ബാങ്കിങ് ബിസിനസ് നടത്തുന്നതിന് ആർ.ബി.ഐ ലൈസൻസ് നൽകിയിട്ടില്ലെന്നും ഇവിടങ്ങളിലെ നിക്ഷേപകർക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപറേഷന്റെ (ഡി.ഐ.സി.ജി.സി) ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നും അറിയിപ്പിലുണ്ട്. ഇടപാട് നടത്തുന്നതിനുമുമ്പ് ആർ.ബി.ഐ നൽകിയ ബാങ്കിങ് ലൈസൻസ് ഉണ്ടോ എന്ന് പരിശോധിക്കണമെന്നും ആർ.ബി.ഐ മുന്നറിയിപ്പ് നൽകുന്നു.
ആർ.ബി.ഐ നടപടി തെറ്റിദ്ധാരണ സൃഷ്ടിക്കാനാണെന്ന് സംസ്ഥാന സഹകരണ യൂനിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇത്തരം പ്രചാരണങ്ങൾക്കെതിരെ നിയമ നടപടി ആലോചനയിലാണ്. സഹകരണ വകുപ്പായിരിക്കും ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുക. സഹകരണ സ്ഥാപനങ്ങൾ വ്യവസ്ഥാപിതമായാണ് പ്രവർത്തിക്കുന്നത്.
1969ലെ 21ാം നമ്പർ ആക്ട് നിയമസഭ പാസാക്കിയതനുസരിച്ചാണ് ഇവയുടെ പ്രവർത്തനം. ആക്ട് പ്രകാരം കേരളത്തിലെ സഹകരണ സംഘങ്ങളുടെ മുഴുവൻ നിയന്ത്രണാധികാരവും സഹകരണ സംഘം റജിസ്ട്രാർക്കാണ്. ആർ.ബി.ഐ ഇതിൽ ഇടപേടേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം കരുവന്നൂർ, കണ്ടല തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ സഹകരണ മേഖലയുടെ വിശ്വാസ്യത വർധിപ്പിക്കാനും നിക്ഷേപം വർധിപ്പിക്കാനുമുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തിവരികയാണ് സഹകരണ വകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.