ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി: സർക്കാർ നീക്കം കരുതലോടെ
text_fieldsെകാച്ചി: സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നു.
2020 സെപ്റ്റംബർ 29ന് നിയമം നിലവിൽ വന്നെങ്കിലും കേരളത്തിൽ നടപ്പാക്കാത്ത സാഹചര്യത്തിൽ സഹകരണ ബാങ്കുകൾക്ക് ബാധകമാക്കി ചില നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം. ശനിയാഴ്ച എറണാകുളം െഗസ്റ്റ് ഹൗസിലെത്തിയ സഹകരണ മന്ത്രി വി.കെ. വാസവൻ, നിയമമന്ത്രി പി. രാജീവ് എന്നിവർ അഡ്വക്കറ്റ് ജനറൽ കെ. ഗോപാലക്കുറുപ്പിനെയടക്കം വിളിച്ചുവരുത്തി വിഷയം ചർച്ച ചെയ്തു.
ഫെഡറല് തത്ത്വങ്ങളെ നഗ്നമായി ലംഘിച്ച് സഹകരണ ബാങ്കുകളുടെ നിയന്ത്രണം കൈയടക്കാനുള്ള കേന്ദ്രസർക്കാറിെൻറ ശ്രമമാണ് നിയമ ഭേദഗതിയെന്ന് വിലയിരുത്തിയാണ് സംസ്ഥാന സർക്കാറിെൻറ നീക്കം. ബാങ്കിങ് സ്ഥാപനങ്ങളല്ലാത്ത സഹകരണ സംഘങ്ങൾ 'ബാങ്ക്' എന്ന പേര് ഉപയോഗിക്കരുതെന്നതടക്കം ഭേദഗതിയുടെ ഭാഗമായി റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്.
വോട്ടവകാശമില്ലാത്ത അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെയും സംഘങ്ങളുെടയും നിലനിൽപിനെതന്നെ ബാധിക്കുന്നതാണ് നിയന്ത്രണങ്ങളെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്ത് 1625 പ്രാഥമിക സഹകരണ ബാങ്കും പതിനയ്യായിരത്തോളം സഹകരണ സംഘങ്ങളുമാണുള്ളത്.
നേരിട്ട് റിട്ട് ഹരജി നൽകിയോ കേന്ദ്രവും സംസ്ഥാനവും തമ്മിെല പ്രശ്നമെന്ന നിലയിൽ സ്യൂട്ട് നൽകിയോ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ ഉചിത തീരുമാനമെടുക്കാൻ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി.
പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി, സഹകരണ പ്രിൻസിപ്പൽ സെക്രട്ടറി മിനി ആൻറണി, സഹകരണ രജിസ്ട്രാർ പി.ബി. നൂഹ്, സഹകരണ സ്പെഷൽ ഗവ. പ്ലീഡർ പി.പി. താജുദ്ദീൻ, മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവ് കെ.കെ. രവീന്ദ്രനാഥ് തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.