വിവാഹാവശ്യത്തിന് 2.5 ലക്ഷം നല്‍കാന്‍ ബാങ്കുകള്‍ക്ക് വൈമുഖ്യം
text_fieldsതിരുവനന്തപുരം: നോട്ട് നിരോധനത്തിന്‍െറ പശ്ചാത്തലത്തില്‍ വിവാഹാവശ്യങ്ങള്‍ക്ക് 2.5 ലക്ഷം രൂപ നല്‍കാന്‍ പല ബാങ്കുകള്‍ക്കും വൈമുഖ്യം. ഡിസംബര്‍ 30 വരെ സമയപരിധി നിശ്ചയിച്ച് വിവാഹാവശ്യങ്ങള്‍ക്ക് 2.5 ലക്ഷം രൂപ നിബന്ധനകള്‍ക്ക് വിധേയമായി അനുവദിക്കാമെന്ന് റിസര്‍വ് ബാങ്ക് സര്‍ക്കുലറിലൂടെ വ്യക്തമാക്കിയിരുന്നു. നിയന്ത്രണങ്ങള്‍ 30വരെ തുടരുമെന്ന അറിയിപ്പിന്‍െറ പശ്ചാത്തലത്തിലായിരുന്നു ഇത്. ഉത്തരവിന്‍െറ പ്രാബല്യം 30ന് അവസാനിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ചില ബാങ്കുകള്‍ ആവശ്യം നിരസിക്കുന്നത്. അതേസമയം ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഒൗദ്യോഗികമായി സര്‍ക്കുലറൊന്നും ഇറക്കിയിട്ടില്ല. 24,000 രൂപ മാത്രമേ ആഴ്ചയില്‍ പിന്‍വലിക്കാവൂ എന്ന നിയന്ത്രണത്തിനും മാറ്റം വരുത്തിയിട്ടില്ല.
2.5 ലക്ഷം രൂപ ഒന്നിച്ച് പിന്‍വലിക്കണമെങ്കില്‍തന്നെ നിരവധി നിബന്ധനകളാണ് ബാങ്കുകള്‍ ആവശ്യപ്പെട്ടിരുന്നത്. വിവാഹവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും സാക്ഷ്യപത്രങ്ങളും കല്യാണക്കുറിയും ഹാജരാക്കിയാലേ പണം അനുവദിക്കൂ. ഇതുമൂലം പലരും ആവശ്യം ഉപേക്ഷിച്ചിരുന്നു. ഗത്യന്തരമില്ലാത്തവരാണ് ബാങ്കുകളില്‍ ക്യൂ നിന്ന് പണം വാങ്ങുന്നത്. ഇത്തരക്കാരെയാണ് ബാങ്കുകളുടെ നടപടി പ്രതിസന്ധിയിലാക്കുന്നത്.നോട്ട് ക്ഷാമവും പിന്‍വലിക്കല്‍ നിയന്ത്രണവും തുടരുന്നതിനിടെ എ.ടി.എം ഇടപാടുകള്‍ക്കുള്ള സര്‍വിസ് ചാര്‍ജ് ബാങ്കുകള്‍ പുന$സ്ഥാപിച്ചതും ഇരുട്ടടിയായി. എല്ലാ ബാങ്കുകളുടെ എ.ടി.എമ്മുകളും ഇനിയും പ്രവര്‍ത്തിച്ചുതുടങ്ങാത്ത സാഹചര്യത്തില്‍ വിശേഷിച്ചും. അഞ്ച് ഇടപാടുകള്‍ക്ക് ശേഷമുള്ള ഓരോ പിന്‍വലിക്കലിനും 23 രൂപയും ബാലന്‍സ് അറിയലിന് ഒമ്പത് രൂപയുമാണ് ഈടാക്കുക.
ബാങ്കുകള്‍ വഴി കള്ളനോട്ട് എത്തിയെന്ന കണ്ടത്തെലിന്‍െറ പശ്ചാത്തലത്തില്‍ ഫോറം 60 പ്രകാരം പണം നിക്ഷേപിച്ചവരുടെ വൗച്ചറുകള്‍ പരിശോധിച്ച് ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്ന കാര്യം സഹിതം നിശ്ചിത തിയതിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ബാങ്കുകള്‍ക്ക് ഒടുവില്‍ റിസര്‍വ് ബാങ്ക് നല്‍കിയ നിര്‍ദേശം. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് 50,000 രൂപക്ക് മുകളില്‍ നിക്ഷേപിക്കുന്നതിനാണ് ഫോറം-60 ഏര്‍പ്പെടുത്തിയിട്ടുള്ളത്. പണം പിന്‍വലിക്കല്‍ തിരക്കുകള്‍ക്കൊപ്പം വാങ്ങിസൂക്ഷിച്ച വൗച്ചറുകള്‍ പരിശോധിക്കേണ്ടതിന്‍െറ അധിക ജോലി ബാധ്യത കൂടിയാണ് ഇനിയുള്ള ദിവസങ്ങളില്‍ ബാങ്കുകളിലുണ്ടാവുക. ഗ്രാമപ്രദേശങ്ങളിലടക്കം ഭൂരിപക്ഷംപേരും പാന്‍ കാര്‍ഡില്ലാത്തതിനാല്‍ ഫോറം-60 വഴിയാണ് അസാധുനോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.