നിർദേശം പാലിക്കുന്നില്ല, ബാങ്കുകൾക്ക് പിഴ
text_fieldsപാലക്കാട്: ഉപഭോക്തൃ താൽപര്യം സംരക്ഷിക്കുന്ന ബോർഡുകൾ സ്ഥാപിക്കുന്നതിലും അടിസ്ഥാന സൗകര്യത്തിലും വീഴ്ച വരുത്തുന്ന ബാങ്കുകൾക്കെതിരെ കർശന നടപടിയുമായി റിസർവ് ബാങ്ക്.
ഇതിനായി ആർ.ബി.ഐയുടെ തിരുവനന്തപുരം ഓഫിസിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന ആരംഭിച്ചു. പാലക്കാട് ജില്ലയിൽ രണ്ടു ബാങ്കുകൾക്ക് പിഴയിട്ടു. സർക്കാർ പദ്ധതികൾക്ക് വായ്പ നൽകുന്നതിന് വിവിധ ബാങ്കുകൾക്ക് സർവിസ് ഏരിയ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ശാഖകളിൽ ബോർഡില്ല.
വായ്പ ചോദിച്ചുവരുന്നവരെ മാനേജർമാർ മടക്കി അയക്കുന്നുണ്ട്. പരാതി രജിസ്റ്റർ/ പരാതിപ്പെട്ടി എന്നിവ മിക്ക ബ്രാഞ്ചുകളിലുമില്ല. ഉപഭോക്താക്കൾക്കും ചെറുകിട, കുടിൽ വ്യവസായങ്ങൾക്ക് വായ്പ എടുത്തവർക്കും ഫെയർ പ്രാക്ടീസ് കോഡ് പ്രതിപാദിക്കുന്ന ബുക്ക് ലെറ്റ് നൽകണമെന്ന് വ്യവസ്ഥയും പാലിക്കുന്നില്ല. ബാങ്കിങ് ഓംബ്ഡ്സ്മാൻ വിശദാംശങ്ങൾ ഉപഭോക്താൾക്ക് നൽകാനും മടിക്കുന്നു.
മിക്ക ശാഖകളിലും വായ്പ രജിസ്റ്റർ സൂക്ഷിക്കുന്നില്ല. കസ്റ്റമർ സർവിസ് കമ്മിറ്റി യോഗം കൃത്യമായി ചേരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കറൻസി നോട്ടുമായും കാഷ് കൗണ്ടറുമായും ബന്ധപ്പെട്ട് നിരവധി പരാതികൾ ആർ.ബി.ഐക്ക് ലഭിച്ചിട്ടുണ്ട്. ബാങ്കിങ് സേവനങ്ങൾ പ്രതിപാദിക്കുന്ന സിറ്റിസൺ ചാർട്ട് ബ്രാഞ്ചുകളിൽ പ്രദർശിപ്പിക്കണമെന്ന നിർദേശവും പാലിക്കപ്പെടുന്നില്ല.
‘കീറിയതും മുഷിഞ്ഞതുമായ നോട്ടുകളും നാണയങ്ങളും ഇവിടെ മാറ്റിത്തരും’ എന്നുള്ള ബോർഡുകൾ മിക്ക ബാങ്കുകളിലുമില്ല. കാഷ് കൗണ്ടറുകളിൽ യൂവി ലാംപ്, നോട്ട് ഒതന്റിക്കേഷൻ മെഷീൻ, ഡ്യൂവൽ ഡിസ്േപ്ല നോട്ട് കൗണ്ടിങ് മെഷീൻ എന്നിവ വേണമെന്നതും പാലിക്കുന്നില്ല.
വ്യാജനോട്ടുകൾ കണ്ടെത്തിയാൽ അത് പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും കറൻസികളുടെ ഡിസൈനും സെക്യൂരിറ്റി ഫീച്ചേഴ്സും വ്യക്തമാക്കുന്ന പോസ്റ്ററുകൾ സ്ഥാപിക്കണമെന്നുമുള്ള മാർഗനിർദേശവും പലരും പാലിക്കുന്നില്ല. പല തവണ മുന്നറിയിപ്പ് നൽകിയിട്ടും അലംഭാവം തുടരുന്ന സാഹചര്യത്തിലാണ് മിന്നൽ പരിശോധന ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.