ചാവക്കാട് 30 ലക്ഷത്തിന്‍റെ നിരോധിച്ച നോട്ട് കണ്ടെത്തി; മൂന്നുപേര്‍ അറസ്റ്റില്‍
text_fieldsചാവക്കാട്: 30 ലക്ഷത്തിന്‍റെ നിരോധിക്കപ്പെട്ട നോട്ടുകളുമായി മൂന്നുപേര്‍ അറസ്റ്റില്‍. ആയിരവും അഞ്ഞൂറും അടങ്ങുന്ന നോട്ടുകളെത്തിയത് ഗുജറാത്തില്‍ നിന്നാണ്. കൊല്ലം പുനലൂര്‍ സ്വദേശി സജികുമാര്‍, തിരുവനന്തപുരം വര്‍ക്കല സ്വദേശി എസ്.കെ മണി, തൃശൂര്‍ കൊരട്ടി അഭിലാഷ് എന്നിവരെയാണ് ചാവക്കാട് ഇന്‍സ്‌പെക്ടര്‍ കെ.ജി സുരേഷിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ സജികുമാര്‍ ഗുജറാത്തില്‍ ഇലക്ട്രിക്കല്‍ കരാര്‍ ജോലിക്കാരനാണ്. പൊലീസ് പിടിച്ചെടുത്ത 30 ലക്ഷം ഗുജറാത്തില്‍ നിന്നാണ് നാട്ടിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇയാള്‍ക്ക് മണിയുമായും മണിക്ക് അഭിലാഷുമായുമുള്ള ബന്ധമാണ് മൂവരേയും ഒന്നിപ്പിച്ചത്. 30 ലക്ഷം നിരോധിക്കപ്പെട്ട നോട്ട് നല്‍കിയാല്‍ പകരം ഏഴര ലക്ഷം അസല്‍ നോട്ട് നല്‍കാമെന്ന അഭിലാഷിന്‍റെ ഉറപ്പിലാണ് ഇവര്‍ ഗുരുവായൂരില്‍ ഒന്നിച്ചത്. ഗുജറാത്തില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം തൃശൂരിലെത്തിയ ശേഷം ബസില്‍ കയറിയാണ് സജികുമാര്‍ ഗുരുവായൂരിലെത്തിയത്. രണ്ടു പേരും ഇയാളെ കാത്ത് നിന്ന് ഒരുമിച്ച ശേഷം ചാവക്കാട് നഗരത്തിലെത്തിയതായിരുന്നു. ഗുജറാത്തില്‍ പണം ലഭിച്ച സ്രോതസും ഈ പണം കൈമാറിയാല്‍ അഭിലാഷ് എന്തു ചെയ്യുമെന്നതിനെ കുറിച്ചും വ്യക്തതയില്ല. ഇക്കാര്യം പൊലീസ് അന്വേഷിച്ച് വരുകയാണ്. ചോദ്യം ചെയ്യലിനിടെ അഭിലാഷ് പൊലീസിനെ ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്.
കൊരട്ടിയില്‍ തടി ബിസിനസുകാരനാണ് അഭിലാഷ്. ഇത്തരത്തില്‍ പണമിടപാട് സംഘങ്ങളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. എസ്.കെ.മണി വര്‍ക്കലയില്‍ ട്യൂട്ടോറിയല്‍ കോളജ് അധ്യാപകനാണ്. എസ്.ഐ എ.വി രാധാകൃഷ്ണന്‍, എ.എസ്.ഐ അനില്‍ മാത്യു എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.