ഒന്നരക്കോടിയുടെ നിരോധിത നോട്ടുകളുമായി അഞ്ചുപേര്‍ പിടിയിൽ
text_fieldsചാവക്കാട്: ഒന്നരക്കോടിയുടെ നിരോധിത നോട്ടുകളുമായി രണ്ട് മലയാളികൾ ഉൾപ്പടെ അഞ്ചുപേര്‍ അറസ്റ്റില്‍. പാലക്കാട് പറളി സ്വദേശി നാറ പറമ്പിൽ ഹബീബ്, തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശി പുത്തൻപീടികയിൽ ഷറഫുദ്ദീന്‍, കോയമ്പത്തൂര്‍ നഞ്ചുണ്ട പുരം സ്വദേശികളായ താജുദ്ദീന്‍, മുഹമ്മദ് ഇർഷാദ്, ഫിറോസ് ഖാൻ എന്നിവരെയാണ് സി.ഐ കെ.ജി സുരേഷ് , എസ്.ഐ പി.ആർ. രാജീവ് , എ.എസ്.ഐ അനിൽ മാത്യു എന്നിവരുടെ നേതൃത്വത്തിൽ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വെളളിയാഴ്ച്ച രാവിലെ 6.10 ന് ചാവക്കാട് പൊലീസ് സ്റ്റേഷനിൽ നിന്ന് നൂറ് മീറ്റർ മാത്രം അകലെയുള്ള വടക്കേ ബൈപ്പാസ് ജങ്ഷനിൽ വെച്ചണ് രണ്ട് കാറുകളിലായി എത്തിയ പ്രതികൾ പിടിയിലായത്. നിരോധിച്ച 500, 1000 രൂപ നോട്ടുകളുടെ ഒന്നരക്കോടി രൂപയും ഇവർ സഞ്ചരിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരോധിച്ച ഒരു ലക്ഷത്തിന് പകരം 20,000 രൂപ വാങ്ങാനുള്ള തയ്യാറെടുപ്പിൽ ചാവക്കാട് മേഖലയിൽ വിതരണത്തിന് കൊണ്ടവന്ന നോട്ടുകളാണിതെന്ന് സി.ഐ സുരേഷ് പറഞ്ഞു. ജില്ലയിൽ ഇന്നുവരെ നടന്ന വേട്ടയിൽ ലഭിക്കുന്ന ഏറ്റവും കൂടിയ തുകയാണ് ഇന്ന് പിടികൂടിയത്.
2016 നവംബറിൽ നോട്ട് നിരോധനം വന്ന ശേഷം മുഴുവൻ തുകയും റിസർവ് ബാങ്കിലെത്തിയിട്ടില്ലെന്നും രഹസ്യമായ മാർഗത്തിലൂടെ ഇനിയും നൽകി മാറ്റാനാവുമെന്നും വിശ്വസിപ്പിച്ചാണ് മേഖലയിൽ പഴയ നോട്ടുകളുടെ കൈമാറ്റം നടക്കുന്നത്. പ്രതികളിൽ താജുദ്ധീൻ വഴിയാണ് പണമെത്തിയത്. ഇയാൾ കോയമ്പത്തൂരിൽ വസ്ത്രവ്യാപാരിയും ഫിറോസ് ഖാൻ സ്ക്രാപ് വ്യാപാരിയും ഇർഷാദ് അപ്ഹോൾസ്റ്ററി രംഗത്ത് പ്രവർത്തിക്കുന്നയാളുമാണ്. വടക്കാഞ്ചേരിയിലെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് കൂട്ടത്തിലെ ഷറഫുദ്ദീൻ. ഇവരുമായി ചാവക്കാട് മേഖലയിൽ ബന്ധിപ്പിക്കുന്ന കണ്ണികൾ ഉടനെ വലയിലാകുമെന്ന് പൊലീസ് വ്യക്തമാക്കി.
എസ്.ഐ കെ.വി. മാധവൻ, എ.എസ്.ഐമാരായ എസ്.സുനിൽകുമാർ, ജിജിൽ, ക്രൈംബ്രാഞ്ച് എ.എസ്.ഐ രാകേഷ്, സീനിയർ സി.പി.ഒ സുദേവ്, സി.വി.ഒമാരായ സന്ദീപ്, സുരേഷ്, ജോഷി, ഷജീർ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.