കെ. സുരേന്ദ്രനെതിരെ ബി.ജെ.പി കേന്ദ്രങ്ങളിൽ ബാനർ; ബലിദാനികളെ അപമാനിച്ചവരെ സംരക്ഷിക്കുന്നുവെന്ന് ആരോപണം
text_fieldsകാസർകോട്: സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കാസർകോട് ജില്ലയിലെ ബി.ജെ.പി കേന്ദ്രങ്ങളിൽ ബാനറുകൾ. കറന്തക്കാട്, ജെ.പി കോളനി, ഉദയഗിരി, പാറക്കട്ട എന്നിവിടങ്ങളിലാണ് ബാനറുകൾ പ്രത്യക്ഷപ്പെട്ടത്. കെ. സുരേന്ദ്രനെ കൂടാതെ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും കോഴിക്കോട് മുൻ ജില്ലാ അധ്യക്ഷനുമായ കെ. ശ്രീകാന്തിനെതിരെയും ബാനറുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കാസർകോട് ജെ.പി കോളനിയിലെ ജ്യോതിഷിന്‍റെ ഒന്നാം ചരമവാർഷിക ദിനത്തിലാണ് നേതാക്കളെ വിമർശിച്ച് ബാനറുകൾ പ്രത്യക്ഷപ്പെട്ടത്. ബലിദാനികളെ അപമാനിച്ചവരെ സംരക്ഷിക്കുന്ന കെ. സുരേന്ദ്രനെയും കെ. ശ്രീകാന്തിനെയും പുറത്താക്കൂ എന്ന് ബാനറിലുള്ളത്.
ജ്യോതിഷിന്‍റെ ചിത്രത്തിനൊപ്പം ബി.ടി വിജയന്‍റേതടക്കം ചിത്രങ്ങളും ബാനറിലുണ്ട്. സംഭവം വിവാദമായതോടെ ജെ.പി കോളനിയിലെയും കറന്തക്കാട്ടെയും ബാനറുകൾ നീക്കം ചെയ്തു.
കഴിഞ്ഞ ഒക്ടോബറിൽ കെ. സുരേന്ദ്രനെതിരെ കാസർകോട് നഗരത്തിലും കുമ്പള സീതാംഗോളി, കറന്തക്കാട്ടിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ബലിദാനികളെ അപമാനിച്ചവരെ സംരക്ഷിച്ചുവെന്നായിരുന്നു സുരേന്ദ്രനെതിരായ ആരോപണം. 'കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളൻ കുമ്പളയിലേക്ക്, പ്രതിഷേധിക്കുക, പ്രതികരിക്കുക. ബലിദാനികൾക്ക് നീതി കിട്ടും വരെ പോരാടുക' എന്നാണ് പോസ്റ്ററിൽ പരാമർശിച്ചിരുന്നത്.
കുമ്പള പഞ്ചായത്തിലെ ബിജെപി- സി.പി.എം കൂട്ടുകെട്ടിനെതിരെ പ്രതിഷേധവുമായും ചില നേതാക്കൾ രംഗത്തുവന്നിരുന്നു. ബി.ജെ.പി കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടിയിട്ട് ഉപരോധിച്ചാണ് സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.