ആൽമരങ്ങൾക്ക് പ്രായം 70, ശാലുമാരദ തിമ്മക്കക്ക് 111
text_fieldsബംഗളൂരു: കർണാടകയിലെ ഹുളികൽ മുതൽ കുഡുർ വരെയുള്ള 45 കിലോമീറ്റർ ഹൈവേ റോഡിൽ മറ്റുള്ളവർക്ക് തണലേകുകയാണ് ആ 385 ആൽമരങ്ങൾ. 111ാം വയസിലും പ്രകൃതിസംരക്ഷണപാതയിൽ സജീവമായ ശാലുമാരദ തിമ്മക്ക എന്ന മുത്തശ്ശിയെപോലെ. പ്രശസ്തിയുടെ കൊടുമുടിയിലും വിനയത്താൽ തലകുനിക്കുകയാണ് ആൽമരം പോലെ തിമ്മക്കയും. നാടുമുഴുവൻ മരങ്ങൾനട്ടും പ്രകൃതിസംരക്ഷണത്തിന്‍റെ പാഠങ്ങൾ പകർന്നും ലോകപ്രശസ്തയാണ് ഇവർ. ഇതിനകം എണ്ണായിരത്തിലധികം മരങ്ങളാണ് നട്ടത്.
അവരുടെ 111ാം ജൻമദിനം വ്യാഴാഴ്ച ആഘോഷിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അടക്കമുള്ളവർ പങ്കെടുത്തു. മന്ത്രിപദവിയോടെയുള്ള സംസ്ഥാന പരിസ്ഥിതി അംബാസഡർ ആയി അവരെ നിയമിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സ്വന്തമായി വാഹനമടക്കം പരിസ്ഥിതി സംരക്ഷണപ്രവർത്തനത്തിനുള്ള എല്ലാ സൗകര്യങ്ങളും അവർക്ക് സർക്കാർ നൽകും.
തുമകുരു ജില്ലയിലെ ഗുബ്ബി താലൂക്കിലാണ് തിമ്മക്ക ജനിച്ചത്. ഔപചാരിക വിദ്യാഭ്യാസം ഒന്നുമില്ല. ഗ്രാമത്തിലെ ക്വാറിയിലെ തൊഴിലാളിയായിരുന്നു. രാമനഗര ജില്ലയിലെ ഹുളികലിലെ ചിക്കയ്യയെ വിവാഹം കഴിച്ചതോടെയാണ് പ്രകൃതിസംരക്ഷണപാതിയിലേക്ക് എത്തുന്നത്. ഇവർക്ക് കുട്ടികളില്ല. സൂര്യ പ്രകാശ് എന്നയാളെ ദത്തെടുത്ത് വളർത്തി. കുട്ടികൾക്ക് പകരമെന്നോണം അവർ ആൽമരങ്ങൾ നടാൻ തുടങ്ങി.
'മരങ്ങളുടെ നിര' എന്ന് കന്നടയിൽ അർഥമുള്ള ശാലുമാരദ എന്ന പേര് ലഭിക്കുന്നത് അങ്ങിനെയാണ്. ആല മാരദ തിമ്മക്ക എന്നും അറിയപ്പെടുന്നു. ഭർത്താവിന്‍റെ പിന്തുണ നിർലോഭം ലഭിച്ചു. ആൽമരങ്ങളിൽ നിന്ന് തൈകൾ ഉണ്ടാക്കുകയാണ് ആദ്യം ചെയ്തത്. കുഡുർ ഗ്രാമത്തിൽ അഞ്ചുകിലോമീറ്റർ വ്യത്യാസത്തിൽ തൈകൾ നട്ടു. ആദ്യവർഷം പത്തും പിന്നീട് 15ഉം അടുത്ത കൊല്ലം 20ഉം മരങ്ങൾ നട്ടു.
തൈകൾ നനക്കാനായി വെള്ളസംഭരണികളും സജ്ജമാക്കി. ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കൾ കൊണ്ട് തൈകൾക്ക് സംരക്ഷണ വേലിയും തീർത്തു. മഴക്കാലത്താണ് അധികവും മരങ്ങൾ നട്ടത്. അടുത്ത മഴക്കാലമാകുന്നതോടെ തൈകൾ വേരുപിടിക്കും. അങ്ങിനെ ആകെ 385 ആൽമരങ്ങളാണ് റോഡരികിൽ തണലേകുന്നത്. ഇതിന്‍റെ നിലവിലെ മൂല്യം ലക്ഷക്കണക്കിന് രൂപയാണ്.
മരങ്ങളുടെ പരിപാലനം കർണാടക സർക്കാർ ഏറ്റെടുത്തു. 2019ൽ ബാഗെപള്ളി-ഹലഗുരു റോഡ് വികസനത്തിന്‍റെ ഭാഗമായി മരങ്ങൾ മുറിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ അന്നത്തെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവരെ തിമ്മക്ക കണ്ടതോടെ ആൽമരങ്ങൾ മുറിക്കാത്ത തരത്തിൽ പദ്ധതി മാറ്റുകയായിരുന്നു. 91ൽ ഭർത്താവ് മരിച്ചു.
മഴവെള്ളസംരക്ഷണമേഖലയിൽ അടക്കം തിമ്മക്ക സജീവമാണിന്ന്. ഇവരുടെ ജീവിതം അടയാളപ്പെടുത്തുന്ന നിരവധി ഡോക്യുമെന്‍ററികൾ പുറത്തിറങ്ങിയിട്ടുണ്ട്. ഭർത്താവിന്‍റെ സ്മരണക്കായി ആശുപത്രി സ്ഥാപിക്കണമെന്ന മോഹവുമുണ്ട്. ആ ആൽമരങ്ങൾക്ക് ഇപ്പോൾ 70 വർഷങ്ങളുടെ പഴക്കമുണ്ട്. അത് നട്ടുവളർത്തിയ തിമ്മക്ക 111ം വയസിലും സംതൃപ്തയാണ്, കർമമേഖലയിൽ സജീവവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.