ഹൈകോടതിയെ വെല്ലുവിളിച്ച് ബാര്‍ അസോ. പ്രമേയം
text_fieldsതിരുവനന്തപുരം: മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനു പിന്നാലെ ഹൈകോടതി ഉത്തരവ് വെല്ലുവിളിച്ച് തിരുവനന്തപുരം ബാര്‍ അസോസിയേഷെൻറ പ്രമേയം. വാഹനാപകട കേസിലെ നഷ്ടപരിഹാരം കക്ഷികള്‍ക്ക് ബാങ്ക് അക്കൗണ്ടിൽ നൽകണമെന്ന സുപ്രീംകോടതി നിർദേശപ്രകാരമുള്ള ഹൈകോടതി ഉത്തരവിനെതിരെയാണ് ബാര്‍ അസോസിയേഷെൻറ വിവാദ നടപടി.
വാഹനാപകടക്കേസുകളിൽ നഷ്ടപരിഹാര തുകയിൽ നല്ലൊരു പങ്കും അഭിഭാഷകരും ഇടനിലക്കാരും ചേർന്ന് തട്ടിയെടുക്കുകയാണെന്ന് കണ്ടാണ് തുക ബാങ്ക് അക്കൗണ്ട് വഴി കക്ഷികള്‍ക്ക് നേരിട്ട് നല്കാൻ കഴിഞ്ഞ മാസം 26ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഇത് നടപ്പാക്കാൻ മുഴുവൻ ഹൈകോടതികൾക്കും സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് ഹൈകോടതിയും ഉത്തരവ് ഇറക്കിയത്.
എന്നാൽ, അഭിഭാഷകരുടെ അവകാശങ്ങള്‍ക്കെതിരാണ് കോടതി നടപടിയെന്നതിനാൽ അടുത്തമാസം നടക്കുന്ന മെഗാ അദാലത്തിലെ വാഹനാപകട കേസുകൾ ബഹിഷ്കരിക്കാൻ ആവശ്യപ്പെടുന്നതാണ് ഐകകണ്ഠ്യേനെ പാസാക്കിയ പ്രമേയം. കേരളത്തിൽ ആദ്യമായാണ് ഹൈകോടതി ഉത്തരവിനെതിരെ ബാർ അസോസിയേഷൻ പ്രമേയം പാസാക്കുന്നത്.
അതേസമയം, വനിത മജിസ്ട്രേറ്റിനെ ചേംബറിൽ കയറി ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ കുറ്റക്കാരായ അഭിഭാഷകരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മജിസ്ട്രേറ്റ് ദീപ മോഹൻ നൽകിയ പരാതിയിൽ ബാർ അസോസിയേഷൻ പ്രസിഡൻറ് കെ.പി. ജയചന്ദ്രൻ, സെക്രട്ടറി പാച്ചല്ലൂർ ജയകൃഷ്ണൻ എന്നിവരുൾെപ്പെട കണ്ടാലറിയുന്ന 12 പേർക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്.
കോടതിക്കുള്ളിൽ നടന്ന സംഭവം ആയതിനാൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ല മജിസ്ട്രേറ്റിെൻറ അനുമതി ആവശ്യമാണെന്നും അനുമതി ലഭിക്കുന്ന മുറക്ക് മറ്റ് നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.