ബാർകോഴ: യു.ഡി.എഫ് നിയമസഭാ മാർച്ച് 12ന്
text_fieldsതിരുവനന്തപുരം: ബാർകോഴയിൽ എക്സൈസ്, ടൂറിസം മന്ത്രിമാർ രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജൂൺ 12 ന് യു.ഡി.എഫ് നിയമസഭ മാർച്ച് നടത്തുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. നിയമസഭക്ക് അകത്തും പുറത്തും യു.ഡി.എഫ് പ്രക്ഷോഭം ശക്തമാക്കും. ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ തയാറാകുന്നില്ലെങ്കിൽ താഴെത്തട്ടിലേക്ക് യു.ഡി.എഫ് പ്രക്ഷോഭം വ്യാപിപ്പിക്കും.
എക്സൈസ്, ടൂറിസം മന്ത്രിമാരുടെ അറിവോടെയാണ് ബാർ ഉടമകൾ കോഴ നൽകാൻ പണപ്പിരിവ് നടത്തിയത്. എത്ര കോടി പിരിച്ചു ? സി.പി.എമ്മിന് എത്ര കിട്ടി? അതല്ലൊം അന്വേഷിക്കണം. ഡ്രൈ ഡേ ഒഴിവാക്കുന്നത് സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കാൻ മാത്രമല്ല മാർക്സിസ്റ്റ് പാർട്ടിക്ക് അവരുടെ വരുമാനം വർധിപ്പിക്കാൻ കൂടി വേണ്ടിയാണെന്നും എം.എം. ഹസൻ പറഞ്ഞു.
ഇപ്പോൾ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ യഥാർഥ വസ്തുതകൾ പുറത്തുവരില്ല. നിഷ്പക്ഷ അന്വേഷണവും സാധ്യമല്ല. എക്സൈസ് മന്ത്രി എഴുതിക്കൊടുത്തത് വെച്ച് ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുകയാണ്. ശബ്ദ സന്ദേശം പുറത്ത് വന്നതിലെ ഗൂഢാലോചനയിൽ അന്വേഷണം തുടരുമെന്ന് പറയുന്ന ക്രൈം ബ്രാഞ്ച് ബാർ അസോസിയേഷൻ ഭാരവാഹികളുടെതായി പുറത്തുവന്ന ശബ്ദ സന്ദേശത്തിലെ ഉള്ളടക്കത്തെക്കുറിച്ച് അന്വേഷണം നടത്തുന്നില്ല.
മദ്യനയത്തിൽ മാറ്റം വരുമെന്നത് എക്സൈസ്, ടൂറിസം മന്ത്രിമാർ ബാർ ഉടമകൾക്ക് ഉറപ്പുനൽകി.അതിന്റെ അടിസ്ഥാനത്തിലാണ് രണ്ടര ലക്ഷം രൂപ വീതം ഓരോ ബാർ ഉടമകൾ പണപ്പിരിവ് നടത്തിയത്. ഡ്രൈ ഡേ , ബാറുകളുടെ പ്രവർത്തന സമയക്രമം ദീർപ്പിക്കൽ എന്നിവ വേണമെന്ന് ആവശ്യം മുന്നോട്ടുവച്ചത് ടൂറിസം വകുപ്പാണ്. ടൂറിസം വകുപ്പ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെക്കുമ്പോൾ ആരുടെയൊക്കെ സമ്മതം അതിന് പിന്നിൽ ഉണ്ടെന്ന് ഊഹിക്കാവുന്നതാണ്. മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഇല്ലാതെ ബാർ ഉടമകൾക്ക് മദ്യനയ മാറ്റം സംബന്ധിച്ച ഒരു ഉറപ്പും ആരും നൽകില്ലെന്നും യു.ഡി.എഫ് കൺവീനർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.