ബാർ കോഴ: കെ. ബാബുവിനെതിരെ തെളിവില്ല; നടപടി അവസാനിപ്പിക്കാൻ വിജിലൻസ് റിപ്പോർട്ട്
text_fieldsകൊച്ചി: യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ബാർ, ബിയർ പാർലർ ലൈസൻസ് നൽകാൻ എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ തെളിവില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. 100 കോടിയിലേറെ രൂപ എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും കേസിലെ തുടർനടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 2020 പകുതിയോടെയാണ് അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
2011-16 കാലയളവിൽ ചില ഹോട്ടൽ ഉടമകൾ ബാർ ലൈസൻസിന് നൽകിയ അപേക്ഷ തടഞ്ഞുെവച്ചെന്നും ചിലരുടെ അപേക്ഷ വേഗം അനുവദിച്ചുവെന്നുമടക്കം ആരോപിച്ച് കേരള ഹോട്ടൽ ഇൻഡസ്ട്രിയലിസ്റ്റ് അസോസിയേഷൻ പ്രസിഡൻറായിരുന്ന വി.എം. രാധാകൃഷ്ണൻ നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടന്നത്. പരാതിയിൽ ത്വരിതാന്വേഷണം നടത്തിയ വിജിലൻസ് ഒൗദ്യോഗിക പദവിയുടെ ദുരുപയോഗമടക്കമുള്ള ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് 2016 ജൂലൈ 21ന് കേസ് രജിസ്റ്റർ െചയ്തത്. അന്വേഷണ ഭാഗമായി 80 സാക്ഷികളുടെ മൊഴിയെടുത്തു. 135 രേഖകളും പരിശോധിച്ചു.
എന്നാൽ, കോഴ നൽകിയതായോ കൈക്കൂലി ആവശ്യപ്പെട്ടതായോ ആരുടെയും മൊഴിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ലൈസൻസിനുവേണ്ടി ചിലർ ബാബുവിനെ കണ്ടിരുന്നെങ്കിലും കോഴ ആവശ്യപ്പെട്ടില്ലെന്നാണ് മൊഴി. കോഴ വാങ്ങിയതായി പരാതിക്കാരനും നേരിട്ട് അറിവില്ല. ലൈസൻസിനുവേണ്ടി പണം പിരിച്ച് മന്ത്രിയുമായി അടുപ്പമുണ്ടെന്ന് കരുതുന്ന ബിനോയ് ജോസഫിന് നൽകിയെങ്കിലും മന്ത്രിക്ക് നൽകുന്നത് കണ്ടില്ലെന്നാണ് കേരള ബാർ ഹോട്ടൽ അസോസിയേഷെൻറ രണ്ട് ജില്ല ഭാരവാഹികളുടെ മൊഴി. മന്ത്രിക്ക് നൽകാൻ 20 ലക്ഷം രൂപ ബിനോയ്ക്ക് നൽകിയെന്നും ലൈസൻസ് ലഭിക്കാത്തതിനാൽ പണം തിരിച്ചുനൽകിയെന്നും മറ്റൊരു സാക്ഷി മൊഴിയുണ്ട്.
ബിനോയ്ക്ക് സ്വാധീനമുണ്ടായിരുന്നെങ്കിൽ വേഗം ലൈസൻസ് ലഭിക്കുമായിരുന്നു. കോഴ വാങ്ങിയെന്ന കേട്ടറിവ് മാത്രമാണ് പല സാക്ഷികൾക്കുമുള്ളത്. 3.79 കോടി രൂപ കേരള ബാർ ഹോട്ടൽ അസോസിയേഷൻ അംഗങ്ങളിൽനിന്ന് പിരിച്ചെടുത്തെങ്കിലും ഇത് കേസ് നടത്തിപ്പിന് വിനിയോഗിക്കാനാണെന്നാണ് വ്യക്തമായത്.
മന്ത്രിസഭയുടെ കൂട്ടായ തീരുമാനം നടപ്പാക്കിയെന്നല്ലാതെ മന്ത്രിയെന്ന നിലയിൽ ബാബുവിന് പ്രത്യേക പങ്കുണ്ടായിരുന്നില്ല. സാക്ഷിമൊഴികളും തെളിവുകളുമില്ലാത്തതിനാൽ കേസ് നിയമപരമായി നിലനിൽക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.