മദ്യം: സഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്
text_fieldsതിരുവനന്തപുരം: പഞ്ചായത്തുകളിലും ബാർ അനുവദിച്ച് മദ്യമൊഴുക്കാൻ വഴിതുറക്കുന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷം ഒന്നടങ്കം ഇറങ്ങിപ്പോയി. ഭരണ-പ്രതിപക്ഷ വാക്പോരിന് വേദിയായ സഭയിൽ പുതിയ മദ്യശാലകൾ അനുവദിക്കില്ലെന്ന നിലപാട് മന്ത്രി ടി.പി. രാമകൃഷ്ണൻ ആവർത്തിച്ചു. സർക്കാറിെൻറ തീരുമാനത്തിൽ അഴിമതി മണക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞകാലത്തെ കാര്യങ്ങള്‍ തികട്ടിവരുന്നതു കൊണ്ടാണിതെന്ന് മന്ത്രി തിരിച്ചടിച്ചു. കെ.സി. ജോസഫ് കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കവെയായിരുന്നു വാക്പോര്. ആരോപണസ്വഭാവമുള്ള വിഷയം ഉള്‍പ്പെടുത്തിയതിനെതിരെ തുടക്കത്തില്‍തന്നെ മന്ത്രി എ.കെ. ബാലൻ എതിര്‍പ്പുയര്‍ത്തിയെങ്കിലും ആരോപണം പാടില്ലെന്ന് റൂളിങ് നല്‍കി സ്പീക്കർ അനുവദിക്കുകയായിരുന്നു.
ഓരോ അപേക്ഷയും പരിശോധിച്ചായിരിക്കും തീരുമാനമെടുക്കുകയെന്ന് മന്ത്രി വിശദീകരിച്ചു. പുതിയ മദ്യശാലകൾ അനുവദിക്കില്ല. ഇക്കാര്യത്തില്‍ ആര്‍ക്കും തെറ്റിദ്ധാരണ വേണ്ട. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാൻ തയാറാണ്. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തപോലെ മദ്യ ലഭ്യത കുറച്ചുകൊണ്ടുവന്നു. ഇടതുമുന്നണിയുടെ പ്രകടനപത്രിക പ്രകാരം ലഹരിവര്‍ജനമാണ് ലക്ഷ്യം. പ്രകടനപത്രികയുണ്ടാക്കുമ്പോഴോ തെരഞ്ഞെടുപ്പ് സമയത്തോ ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല. തങ്ങള്‍ ആരോപണത്തെ ഭയപ്പെടുന്നിെല്ലന്നും അതിൽ ആശങ്കയില്ലെന്നും മന്ത്രി വ്യക്തമാക്കി. സുപ്രീംകോടതിയെ കേരളം സമീപിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങള്‍ സമീപിച്ചപ്പോൾ കോടതി ആവശ്യപ്പെട്ടപ്രകാരം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കോടതി വിധി മറികടക്കാന്‍ സംസ്ഥാനം ഒന്നും ചെയ്തിട്ടില്ല. ദൂരപരിധി 50 മീറ്ററാക്കിയത് പഞ്ചനക്ഷത്ര ബാറുകള്‍ക്ക് മാത്രമാണ്. കോടതി വിധി മറികടക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക, പഞ്ചാബ് സർക്കാറുകൾ നടപടി എടുത്തുവെന്നും ബാറുകാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത് എ.ഐ.സി.സി വക്താവായ മനു അഭിഷേക് സിങ്വിയാണെന്നും മന്ത്രി പറഞ്ഞു.
മദ്യമുതലാളിമാരും സർക്കാറും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് കെ.സി. ജോസഫ് ആരോപിച്ചു. പുതിയ മദ്യശാല തുറക്കില്ലെന്ന് പറയുന്ന മന്ത്രി അറിഞ്ഞുകൊണ്ടാണോ എക്സൈസ് കമീഷണറുടെ ഉത്തരവെന്ന് വ്യക്തമാക്കണം. മടിയില്‍ കനമുള്ളതുകൊണ്ടാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ ഭയം. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനാണ് ശ്രമം. ബിജു രമേശ് കോടിയേരിയെ കണ്ടതിനെയും മാണിക്കെതിരായ ആരോപണത്തെയും കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ കോടിയേരിപോലും നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ളം കൊടുക്കുന്നതിനെക്കാള്‍ വേഗത്തിലാണ് മദ്യനയത്തിലെ ഉത്തരവുകളുണ്ടാക്കിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. രണ്ടുവര്‍ഷത്തെ പിണറായി സർക്കാറിെൻറ നേട്ടം കൂടുതൽ മദ്യശാലകൾ അനുവദിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. എം.കെ. മുനീർ, കെ.എം. മാണി, അനൂപ് ജേക്കബ്, ഒ. രാജഗോപാൽ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.