ബാർ കോഴ, പാറ്റൂർ കേസുകൾ അന്വേഷിക്കാൻ വിജിലൻസ് പ്രത്യേക സംഘങ്ങൾ
text_fieldsതിരുവനന്തപുരം: മുൻ മന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ നിയോഗിച്ചു. പാറ്റൂർ ഭൂമി ഇടപാട് കേസും വിജിലൻസ് സ്പെഷൽ സെല്ലിന് കൈമാറി. എന്നാൽ, വിവാദമായ ചില കേസുകൾ കൈമാറിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. േകസ് ഫയലുകൾ തിരുത്തിയതിന് നടപടിയുൾപ്പെടെ നേരിട്ട ആരോപണവിധേയനായ അശോകനെ എസ്.പിയായി നിയമിച്ച സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് ഒന്നിലാണ് ബാർ കോഴ, പാറ്റൂർ കേസുകൾ അന്വേഷിച്ചിരുന്നത്.
ഇതും ആരോപണങ്ങൾക്ക് കാരണമായിരുന്നു. ആ സാഹചര്യത്തിലാണ് കേസുകൾ ഇൗ യൂനിറ്റിൽനിന്ന് മാറ്റിയത്. എന്നാൽ, പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്കെതിരായ അഴിമതി ആരോപണകേസും ടൈറ്റാനിയം അഴിമതി കേസും ഇപ്പോഴും അശോകെൻറ മേൽനോട്ടത്തിലുള്ള യൂനിറ്റ് തന്നെയാണ് അന്വേഷിക്കുന്നത്. ആ കേസുകൾ ഇവിടെനിന്ന് മാറ്റിയിട്ടുമില്ല. ഇത് ഇൗ കേസുകൾ അട്ടിമറിക്കാനാണെന്ന ആക്ഷേപവും ശക്തമാണ്.
വിജിലൻസ് സ്പെഷൽ സെല്ലിലേക്കാണ് ബാർ കോഴക്കേസ് മാറ്റിയത്. അവിടത്തെ എസ്.പി വി.എസ്. അജിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി സിനി ഡേവിസിനാണ് കേസ് അന്വേഷണചുമതല. വിവിധ യൂനിറ്റുകളിൽനിന്ന് അഞ്ച് ഇൻസ്പെക്ടർമാരെയും സംഘത്തിൽ നിയമിച്ചു. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാനാണ് ഡയറക്ടർ ലോക്നാഥ് ബെഹ്റ സംഘത്തിന് നിർദേശം നൽകിയിട്ടുള്ളത്.
പാറ്റൂർ ഭൂമിയിടപാട് കേസും ടോമിൻ തച്ചങ്കരിക്കെതിരായ കേസും ഡിവൈ.എസ്.പി നന്ദനൻപിള്ളയാണ് അന്വേഷിച്ചിരുന്നത്. എന്നാൽ, പാറ്റൂർ കേസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് രണ്ടിലേക്കാണ് മാറ്റിയത്. അവിടെ എസ്.പി ജയകുമാറിെൻറ മേൽനോട്ടത്തിൽ നന്ദനൻപിള്ള പാറ്റൂർ കേസ് അന്വേഷിക്കുമെന്ന് ഡയറക്ടർ അറിയിച്ചു. എന്നാൽ, അശോകനെ എസ്.പിയായി നിയമിച്ചതിനെ തുടർന്ന് അവധിയിൽ പോയ നന്ദനൻപിള്ള ഇതുവരെ സർവിസിൽ തിരികെ പ്രവേശിച്ചിട്ടില്ല. അദ്ദേഹം ദിവസങ്ങൾക്കുള്ളിൽ തിരിച്ചെത്തുമെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
എന്നാൽ, തച്ചങ്കരി കേസും ടൈറ്റാനിയം കേസും എവിടെ ഏൽപിക്കണമെന്നകാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. അത് പിന്നീട് തീരുമാനിക്കുമെന്നാണ് വിജിലൻസ് വൃത്തങ്ങളുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.