ബാർ കോഴ കേസ് മാണിയെ കുറ്റമുക്തനാക്കിയ റിപ്പോർട്ട് തള്ളണമെന്ന ഹരജികളിൽ വിധി 16ന്
text_fieldsതിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻമന്ത്രി കെ.എം. മാണിയെ കുറ്റമുക്തനാക്കി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജികളിൽ വാദം പൂർത്തിയായി. ആഗസ്റ്റ് 16ന് വിധി പറയും. കേസിൽ കക്ഷിചേർക്കണമെന്ന എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവെൻറ ആവശ്യം കോടതി അംഗീകരിച്ചു. വിശദമായി കേസ് അന്വേഷിച്ചെന്ന വാദത്തിൽ വിജിലൻസ് ഉറച്ചുനിന്നപ്പോൾ തുടരന്വേഷണം വേണമെന്ന ആവശ്യമാണ് ഹരജിക്കാർ ആവർത്തിച്ചത്. വിജിലൻസ് സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ ബാർ അസോസിയേഷൻ അംഗങ്ങൾ പണപ്പിരിവ് നടത്തിയതായും ആ തുക മാണിയുടെ പാലായിലെ കുടുംബവീട്ടിൽെവച്ച് കൈമാറിയതായും പറയുന്നുണ്ടെന്നായിരുന്നു ഹരജിക്കാരുടെ വാദം. സാഹചര്യത്തെളിവുകൾപോലും കണക്കിലെടുക്കാതെ അന്വേഷണ ഉദ്യോഗസ്ഥൻ സ്വയം തീരുമാനമെടുത്തെന്ന് പരാതിക്കാർ വാദിച്ചു.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, ബാറുടമ ബിജു രമേശ്, ബി.ജെ.പി നേതാവ് വി. മുരളീധരൻ, നോബിൾ മാത്യു, സണ്ണി മാത്യു എന്നിവരാണ് ഹരജിക്കാർ. എന്നാൽ, മൊഴികളും മൊബൈൽ സംഭാഷങ്ങളും പരിശോധിച്ചിരുന്നെന്ന് വിജിലൻസ് കോടതിയെ ബോധിപ്പിച്ചു. ശേഖരിച്ച പണവുമായി ബാർ അസോസിയേഷൻ പ്രതിനിധികൾ മാണിയുടെ വസതിയിൽ എത്തിയിരുന്നു. എന്നാൽ, പണം നൽകിയെന്ന് ഒരു സാക്ഷിയും മൊഴി നൽകിയില്ല. ബിജു രമേശ് സമർപ്പിച്ച ശബ്ദരേഖ അടങ്ങിയ സീഡി എഡിറ്റ് ചെയ്തിരുന്നതായും വിജിലൻസ് അറിയിച്ചു.
തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. യു.ഡി.എഫ് സർക്കാറിെൻറ അടച്ചുപൂട്ടിയ 418 ബാറുകൾ തുറക്കാൻ മുൻമന്ത്രി കെ.എം. മാണി ബാർ ഉടമകളിൽനിന്ന് ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. രണ്ടുതവണ വിജിലൻസ് അന്വേഷണം നടത്തി മാണിക്ക് ക്ലീൻചിറ്റ് നൽകിയിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ കേസിൽ മൂന്നാമതും അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. 2017 ആഗസ്റ്റ് നാലിന് ഡിവൈ.എസ്.പി ശ്യാംകുമാറിെൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.