Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡ്രൈഡേ മാറ്റാൻ കോഴ:...

ഡ്രൈഡേ മാറ്റാൻ കോഴ: പണപ്പിരിവിന് നിർദേശം നൽകിയിട്ടില്ലെന്ന് എഫ്.കെ.എച്ച്.എ സംസ്ഥാന പ്രസിഡന്‍റ്

text_fields
bookmark_border
V Sunil Kumar
cancel

തിരുവനന്തപുരം: ഒന്നാം തീയതിയിലെ ഡ്രൈഡേ അടക്കം മദ്യനയം അനുകൂലമായി മാറ്റാൻ ഓരോ ബാറുടമയും 2.5 ലക്ഷം രൂപ വീതം നൽകണമെന്ന സംസ്ഥാന വൈസ് പ്രസിഡന്‍റ് അനിമോന്റെ ശബ്ദസന്ദേശത്തെ കുറിച്ച് പ്രതികരിച്ച് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ (എഫ്.കെ.എച്ച്.എ) സംസ്ഥാന പ്രസിഡന്‍റ് വി. സുനിൽ കുമാർ. പണപ്പിരിവിന് നിർദേശം നൽകിയിട്ടില്ലെന്ന് സുനിൽ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

അനിമോന്‍റെ വെളിപ്പെടുത്തലിന് പിന്നിൽ സംഘടനാ പ്രശ്നമാണ്. തിരുവനന്തപുരത്ത് സംഘടനക്ക് ഓഫീസ് കെട്ടിടം വാങ്ങാനും പണപ്പിരിവ് നടത്താനും തീരുമാനിച്ചിരുന്നു. ഇപ്പോഴത്തെ വിവാദത്തിന് പിന്നിൽ ഇതിനെ എതിർക്കുന്ന ആളുകളാണ്. അനിമോന്‍റെ സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്തതാണ്. സസ്പെൻഡ് ചെയ്യപ്പെട്ട ആൾക്ക് എന്തും പറയാം. അനിമോന്‍റെ ശബ്ദമാണോ എന്ന് ഉറപ്പില്ലെന്നും സുനിൽ കുമാർ ആരോപിച്ചു.

അതേസമയം, പ്രതികരിക്കാൻ തയാറാകാതിരുന്ന അനിമോൻ ശബ്ദരേഖ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

മദ്യനയം അനുകൂലമായി മാറ്റാൻ ഓരോ ബാറുടമയും 2.5 ലക്ഷം രൂപ വീതം നൽകണമെന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ല പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശം മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ഇടുക്കി ജില്ലയിലെ അസോസിയേഷൻ അംഗങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ഈ സന്ദേശം പോസ്റ്റ് ചെയ്തിട്ടുള്ളത്.

വ്യാഴാഴ്ച എറണാകുളത്ത് ചേർന്ന അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനമെന്ന നിലയിലാണ് പണപ്പിരിവെന്ന് ശബ്ദസന്ദേശത്തിലുള്ളത്. ''ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കുക, ബാറുകളുടെ പ്രവർത്തന സമയം കൂട്ടുക, അടുത്ത കാലത്ത് തുടങ്ങിയ പുതിയ എക്സൈസ് പരിശോധനകൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് കൊടുക്കേണ്ടവർക്ക് പണം കൊടുക്കണമെന്നാണ്'' ശബ്ദ സന്ദേശത്തിൽ പറയുന്നത്.

ഒരു ബാർ ഹോട്ടലുകാരിൽ നിന്ന്‌ രണ്ടര ലക്ഷം രൂപവീതം പിരിക്കാൻ അസോസിയേഷൻ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ, പല ബാർ ഉടമകളും പിരിവ് നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് അംഗങ്ങൾ പിരിവ് നൽകണമെന്ന സംഘടനയുടെ കർശനനിർദേശം സംസ്ഥാന ഭാരവാഹി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.

വിനോദ സഞ്ചാര മേഖലയെ ബാധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന നിർദേശം ഇതിനകം തന്നെ സംസ്ഥാന സർക്കാറിന് മുമ്പാകെ എത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ മാസം ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗം നൽകിയ ശിപാർശകളിൽ ഒന്നാണിത്.

യു.ഡി.എഫ് ഭരണകാലത്തെ ബാർ കോഴ വിവാദം അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ രാജിയിലാണ് കലാശിച്ചത്. ബാറുകൾ പൂട്ടാതിരിക്കുന്നതിന് ഉടമകളോട് കോഴ ചോദിച്ചുവെന്നായിരുന്നു ബാറുടമ ബിജു രമേശിന്‍റെ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bar scamliquor policy
News Summary - Bar Scam: State president did not give instructions for money collection
Next Story