ബാർ കോഴ: തുടരന്വേഷണം വേണ്ടിവന്നത് സാക്ഷികളുടെ കൂടുതൽ വെളിപ്പെടുത്തലിനെത്തുടർന്നെന്ന് വിജിലൻസ്
text_fieldsകൊച്ചി: സാക്ഷികൾ കൂടുതൽ വെളിപ്പെടുത്തലുകളുമായി എത്തിയതാണ് കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസിൽ വീണ്ടും തുടരന്വേഷണത്തിന് ഇടയാക്കിയതെന്ന് വിജിലൻസ് ഹൈകോടതിയിൽ. തുടരന്വേഷണത്തിനെതിരെ മുൻമന്ത്രി കെ.എം. മാണി നൽകിയ ഹരജിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് ഇൻസ്പെക്ടർ പി.ആർ. സരീഷിെൻറ വിശദീകരണം. രണ്ടാം വട്ടവും തുടരന്വേഷണത്തിന് ആവശ്യമുന്നയിക്കാനിടയായ സാഹചര്യം വിശദീകരിക്കാൻ നേരേത്ത കോടതി നിർദേശിച്ചിരുന്നു.
2016 ആഗസ്റ്റ് 11ന് കേസിൽ സാക്ഷികളായ കേരള ബാർ ഹോട്ടൽ അസോസിയേഷൻ ട്രഷറർ ജേക്കബ് കുര്യൻ, കോട്ടയം ജില്ല പ്രസിഡൻറ് സാജു ഡൊമിനിക് എന്നിവർ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനുണ്ടെന്ന് കാണിച്ച് വിജിലൻസിന് അപേക്ഷ നൽകി. ജേക്കബ് കുര്യൻ 2014 മാർച്ച് 22ന് തിരുവനന്തപുരത്ത് അന്നത്തെ മുഖ്യമന്ത്രിയെയും പിന്നീട് പാലായിലെത്തി മന്ത്രിയായിരുന്ന മാണിയെയും കണ്ടിരുന്നു. സാജു ഡൊമിനിക്കിൽനിന്ന് 15 ലക്ഷം രൂപ വാങ്ങി ബാറുടമയായ ജോൺ കല്ലാട്ടിന് നൽകിയെന്നും തുക മാണിക്ക് നൽകിയോയെന്ന് അറിയില്ലെന്നുമാണ് ജേക്കബ് കുര്യൻ ആദ്യം മൊഴിനൽകിയിരുന്നത്. എന്നാൽ, കോട്ടയം ജില്ല സെക്രട്ടറി കുഞ്ഞുമോനൊപ്പം 15 ലക്ഷം രൂപ 2014 മാർച്ച് 22ന് മാണിയുടെ പാലായിലെ വസതിക്ക് സമീപം എത്തിച്ചെന്നും ഈ തുക ജേക്കബ് കുര്യന് നൽകിയെന്നും സാജു ഡൊമിനിക് മൊഴിനൽകി.
രണ്ടുപേരും ബാർ കോഴക്കേസിലെ മുഖ്യസാക്ഷികളാണ്. നേരേത്ത രണ്ടുതവണ അന്തിമ റിപ്പോർട്ട് നൽകിയപ്പോഴും ഇവർ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയാറായിരുന്നില്ല. കൂടുതൽ വെളിപ്പെടുത്താനുണ്ടെന്ന് ഇവർ അപേക്ഷ നൽകിയ സാഹചര്യത്തിൽ തുടരന്വേഷണം ആവശ്യപ്പെടുകയല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല. പണം കൈമാറ്റം നടന്നതുൾപ്പെടെ വിവരങ്ങൾ അന്വേഷിക്കണമെന്ന വിജിലൻസ് കോടതിയുടെ ഉത്തരവ് പൂർണമായും പാലിക്കാതെയാണ് അന്തിമറിപ്പോർട്ട് നൽകിയതെന്നും രണ്ടാംവട്ട തുടരന്വേഷണം വേണ്ടിവന്നത് ഇതുമൂലമാണെന്നും വിശദീകരണത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.