ബാറില്‍ വെടിയുതിര്‍ത്ത സംഭവം: പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
text_fieldsമരട്: കുണ്ടന്നൂരിലെ ഓജീസ് കാന്താരി ബാറില്‍ വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരേ കേസെടുത്തു. വധശ്രമത്തിനും അനുമതി ഇല്ലാതെ തോക്ക് ഉപയോഗിച്ചതിനുമാണ് മരട് പൊലീസ് കേസെടുത്തിരിക്കുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ റോജന്‍, സുഹൃത്തും അഭിഭാഷകനുമായ ഹറോള്‍ഡ് ജോസഫ് എന്നിവരാണ് പിടിയിലായത്. പ്രതികളെ വ്യാഴായ്ച്ച ബാറിലെത്തിച്ച് തെളിവെടുത്തു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. ഹോട്ടലിലെത്തിയ രണ്ടുപേര്‍ മദ്യപിച്ചതിന്റെ പണം നല്‍കിയശേഷം തോക്ക് ഉപയോഗിച്ച് ഭിത്തിയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. പിന്നീട് ഇവര്‍ ഓട്ടോറിക്ഷയില്‍ കയറി പോയി. ഒരു പ്രകോപനവുമില്ലാതെയാണ് വെടിവെച്ചതെന്നും ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി. പിന്നീട് ഒന്നാം പ്രതിയെ എഴുപുന്നയിലെ വാടക വീട്ടില്‍ നിന്നും രണ്ടാം പ്രതിയായ അഭിഭാഷകനെ ആലപ്പുഴ അര്‍ത്തുങ്കല്‍ ഉള്ള അഭിഭാഷകന്റെ ഭാര്യ വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
അര്‍ധരാത്രിയോടെ മരട് പൊലീസ് സ്റ്റേഷനിലെത്തിച്ച ഇരുവരും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. പകല്‍ നടന്ന സംഭവം രാത്രി ഏഴ് മണിയോടെയാണ് ബാര്‍ അധികൃതര്‍ അറിയിച്ചതെന്ന് പറഞ്ഞ പൊലീസ്, ബാര്‍ താല്‍ക്കാലികമായി അടക്കാന്‍ നിര്‍ദേശിച്ചിരുന്നു. ബാറിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് വെടിയുതിര്‍ത്തവരെ തിരിച്ചറിയുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. എറണാകുളം എ.സി.പി. രാജ്കുമാറിന്റെ നേതൃത്വത്തില്‍ മരട് എസ്.എച്ച്.ഒ സനല്‍, എസ്.ഐമാരായ റിജിന്‍.എം. താമസ്, സൈജു, എസ്.സി.പി.ഒമാരായ വിനോദ്, അരുണ്‍ രാജ്, സബീര്‍കുട്ടി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടി കൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.