ബാരാപോൾ: ഒരുവർഷത്തെ ഉൽപാദന ലക്ഷ്യം നാലുമാസം കൊണ്ട് മറികടന്നു
text_fieldsഇരിട്ടി: വൈദ്യുതി ഉൽപാദനത്തിൽ ചരിത്രനേട്ടം കുറിച്ച ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതിക്ക് വകുപ്പ് മന്ത്രിയുടെ അഭിനന്ദനം. ഒരുവർഷം കൊണ്ട് കൈവരിക്കേണ്ട ഉൽപാദന ലക്ഷ്യം നാലുമാസം കൊണ്ട് മറികടന്നാണ് ബാരാപോൾ പദ്ധതി കെ.എസ്.ഇ.ബിയുടെ ഏറ്റവും മികച്ച ചെറുകിട ജലവൈദ്യുതി പദ്ധതി എന്ന സ്ഥാനത്തേക്ക് ഉയർന്നത്.
ഈ നേട്ടത്തിലേക്ക് പദ്ധതിയെ മുന്നിൽനിന്ന് നയിച്ച എല്ലാവർക്കും അഭിനന്ദനം എന്ന അടിക്കുറിപ്പോടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പദ്ധതി പ്രദേശത്തിന്റെ ആകാശദൃശ്യവും ഫേസ് ബുക്ക് പേജിൽ പങ്കുവെച്ചു.
വാർഷിക ഉൽപാദന ലക്ഷ്യമായ 36 ദശലക്ഷം യൂനിറ്റ് നാലുമാസം കൊണ്ടാണ് പിന്നിട്ടത്. പുഴയിൽ നീരൊഴുക്ക് ശക്തമായതിനാൽ അഞ്ച് മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളും മുഴുവൻ സമയം പ്രവർത്തിപ്പിക്കാൻ കഴിഞ്ഞതാണ് ലക്ഷ്യം വേഗത്തിൽ കൈവരിക്കാനായത്.
15 മെഗാവാട്ടാണ് പദ്ധതിയുടെ ഉൽപാദനശേഷി. പ്രതിദിനം 3,60,000 യൂനിറ്റാണ് മൂന്ന് ജനറേറ്ററുകളും 24 മണിക്കൂർ പ്രവർത്തിച്ചാലുള്ള ഉൽപാദനം. ജൂൺ മുതൽ മേയ് വരെയുള്ള 12 മാസ കാലയളവാണ് വൈദ്യുതി ഉൽപാദനത്തിലെ ഒരുവർഷമായി കണക്കാക്കുന്നത്.
ഈ കാലയളവിൽ ലക്ഷ്യമിട്ട ഉൽപാദനമാണ് 36 ദശലക്ഷം യൂനിറ്റ്. കഴിഞ്ഞവർഷം ഒക്ടോബർ പകുതിയോടെയാണ് ലക്ഷ്യം മറികടന്നത്. ഇക്കുറി പുഴയിൽ നീരൊഴുക്ക് ആരംഭിച്ചത് ജൂൺ പകുതിയോടെയാണ്. ജൂൺ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് പ്രധാനമായും ഉൽപാദനം നടക്കുന്നത്.
പുഴയിലെ നീരൊഴുക്കിന്റെ ശക്തി കുറയുന്നതിനനുസരിച്ച് മൂന്ന് ജനറേറ്ററുകളിൽ ഒന്നായി കുറച്ച് മണിക്കൂറുകൾ ഇടപെട്ടും മറ്റും ഉൽപാദിപ്പിച്ചാണ് 36 മെഗാവാട്ടായി പ്രതിവർഷ ഉൽപാദനം കണക്കാക്കിയിരുന്നത്.
കർണാടകയിലെ ബ്രഹ്മഗിരി മലനിരകളിൽനിന്നും ഒഴുകിവരുന്ന ബാരാപോൾ പുഴയിലെ ജലം മൂന്നര കിലോമീറ്റർ നീളമുള്ള കനാലിലൂടെ ബാരാപോൾ പവർഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്.
നാലുമാസം കൊണ്ടുതന്നെ ലക്ഷ്യം മറികടക്കാൻ കഴിഞ്ഞത് പദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ കിട്ടിയതുകൊണ്ടാണ്. തുലാവർഷവും കനിഞ്ഞാൽ 50 മെഗാവാട്ട് എന്ന സർവകാല റെക്കോഡിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ബാരാപോൾ അസി. എൻജിനീയർ പി.എസ്. യദുലാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.