മലയിൻകീഴിൽ പേപ്പട്ടിയുടെ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു
text_fieldsനേമം: മലയിൻകീഴിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റു. ഗോവിന്ദമംഗലം പെട്രോൾ പമ്പിലെ ജീവനക്കാരനും ഗോവിന്ദമംഗലം സ്വദേശിയുമായ പുഷ്പകുമാർ (52), പെരുമന കട്ടറക്കുഴി സ്വദേശി ഷെർളിയുടെ മകൻ സെലിൻ (18), അരുവാക്കോട് സ്വദേശി വിനോദ് (32) എന്നിവർക്കാണ് കടിയേറ്റത്.
പെട്രോൾ പമ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് പുഷ്പകുമാർ ആക്രമണത്തിന് ഇരയായത്. ഇദ്ദേഹത്തിന്റെ കൈക്കാണ് പരിക്കേറ്റത്. റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് സെലിനും വിനോദിനും കാലിന് കടിയേറ്റത്. ഊരൂട്ടമ്പലം ജംഗ്ഷന് സമീപത്തെ റേഡിയോ പാർക്കിന് മുന്നിലുണ്ടായിരുന്ന പത്തോളം തെരുവുനായ്ക്കൾക്കും പേപ്പട്ടിയുടെ കടിയേറ്റു. സെലിന്റെ വീട്ടിലുണ്ടായിരുന്ന ആറുമാസം പ്രായമായ മറ്റൊരു നായക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്.
അതിനിടെ ഗോവിന്ദമംഗലത്ത് അടുത്തടുത്ത വീടുകളിലെ മുപ്പതോളം കോഴികളെ ചത്തനിലയിൽ കണ്ടെത്തി. പേപ്പട്ടിയുടെ കടിയിൽ പരിക്കേറ്റവർ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി.
പ്രദേശത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നതാണ് നായ്ക്കളുടെ എണ്ണം വർധിക്കാൻ കാരണമെന്നും കടിയേറ്റ നായ്ക്കൾ പൊതുജനങ്ങൾക്ക് ഭീഷണി ഉയർത്തിയിരിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് നടപടികൾ കൈക്കൊള്ളണമെന്നും പെരുമന വാർഡ് അംഗം ബി. ഗിരീശൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.