സംസ്ഥാന പാതകൾ ജില്ല േറാഡുകളായി; മദ്യഷാപ്പുകൾ വീണ്ടും തുറന്നു
text_fieldsമലപ്പുറം: ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റർ പരിധിയിൽ മദ്യവിൽപന നിരോധിച്ച സുപ്രീംകോടതി ഉത്തരവ് മറികടന്ന് പൊതുമരാമത്ത് അധികൃതരുടെ സഹായത്തോടെ സംസ്ഥാനത്ത് വ്യാപകമായി മദ്യഷാപ്പുകൾ തുറന്നു. നിലവിൽ സംസ്ഥാന പാതകളായിരുന്നവ പ്രധാന ജില്ല റോഡുകൾ എന്ന വിഭാഗത്തിലേക്ക് മാറ്റിയാണ് ഇതിന് കളമൊരുക്കിയത്.
പൊതുമരാമത്ത് വകുപ്പ് സംസ്ഥാന പാതകളാക്കിയ ഉത്തരവുകൾ മറച്ചുവെച്ചാണ് കോടതി ഉത്തരവ് കാറ്റിൽ പറത്തുന്നത്. ഗുരുവായൂർ-ആൽത്തറ-പൊന്നാനി, വൈപ്പിൻ-പള്ളിപ്പുറം, വർക്കല-മടത്തറ, പരപ്പനങ്ങാടി-അരീക്കോട്, ആലപ്പുഴ-അർത്തുങ്കൽ-തോപ്പുംപടി, മണ്ണാറകുളഞ്ഞി-പമ്പ, കാപ്പാട്-തുഷാരഗിരി-അടിവാരം, തൃശൂർ-കുറ്റിപ്പുറം, കരുവാരകുണ്ട്-മേലാറ്റൂർ, തിരൂർ-മഞ്ചേരി, മലപ്പുറം-പരപ്പനങ്ങാടി എന്നീ റോഡുകൾ 2005 നവംബർ 29ലെ സർക്കാർ വിജ്ഞാപനമനുസരിച്ച് സംസ്ഥാന പാതകളായി ഉയർത്തിയവയാണ്. മലപ്പുറം ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ വളാഞ്ചേരി-നിലമ്പൂർ പാത സംസ്ഥാന പാതയാക്കിയത് 2007 നവംബർ ഏഴിനാണ്.
എന്നാൽ ഇവയിൽ മഹാഭൂരിപക്ഷവും ജില്ല റോഡുകളാണെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് മദ്യഷാപ്പുകൾ തുറക്കാൻ അധികൃതർ ഒത്താശ ചെയ്തത്. ദേശീയ, സംസ്ഥാന പാതയുടെ 500 മീറ്റർ പരിധിയിലെ മദ്യഷാപ്പുകൾ നീക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ബിവറേജസ് കോർപറേഷെൻറതടക്കം എല്ലാ കേന്ദ്രങ്ങളും അടച്ചിരുന്നു. കഴിഞ്ഞ മാസമാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്.
ലൈസൻസ് കാലാവധി ശേഷിക്കുന്ന സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ വരെ തുടരാൻ കോടതി അനുവാദം നൽകിയിരുന്നു. എന്നാൽ ഏതാനും ദിവസം പൂട്ടിക്കിടന്ന ബിയർ വൈൻ പാർലറുകളും മറ്റും വീണ്ടും തുറന്നത് സംസ്ഥാന പാതകൾ ജില്ല റോഡുകളാണെന്ന രീതിയിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ്. എക്സൈസ്, പൊതുമരാമത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടക്കുന്ന നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തു വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.