മദ്യശാല മാറ്റല്‍: കോടതി വിധിയില്‍ വ്യക്തത ആവശ്യമെന്ന് മന്ത്രി
text_fieldsകൊച്ചി: സുപ്രീംകോടതിയില്‍ നല്‍കിയ കേസില്‍ ഉറച്ചു നില്‍ക്കണമെന്ന പിടിവാശി സര്‍ക്കാറിനില്ലാത്തതിനാലാണ് ഹരജി പിന്‍വലിക്കുന്നതടക്കം കാര്യങ്ങള്‍ ആലോചിച്ചതെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ദേശീയ-സംസ്ഥാന പാതകളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന സുപ്രീംകോടതി ഉത്തരവില്‍ വ്യക്തത ആവശ്യമാണ്. വൈന്‍, ബിയര്‍ പാര്‍ലറുകള്‍ക്കും കള്ളുഷാപ്പുകള്‍ക്കും ഉത്തരവ് ബാധകമാണോയെന്ന വിഷയത്തില്‍ നിയമജ്ഞര്‍ രണ്ടു തട്ടിലാണ്. ഇതു സംബന്ധിച്ച് വ്യക്തതക്കായാണ് കോടതിയെ സമീപിച്ചത്. അബ്കാരി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് സ്കോളര്‍ഷിപ് വിതരണത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സുപ്രീംകോടതി വിധി അംഗീകരിക്കാനും നടപ്പാക്കാനും സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. മദ്യശാലകള്‍ പുതുതായി സ്ഥാപിക്കുന്ന ഇടങ്ങളില്‍ ജനങ്ങളില്‍നിന്ന് എതിര്‍പ്പുണ്ട്. ജനങ്ങളുമായി ഒരുതരത്തിലും എറ്റുമുട്ടലിനില്ല. തദ്ദേശവാസികള്‍ അംഗീകരിച്ചാലേ മദ്യശാലകള്‍ സ്ഥാപിക്കൂ. നിലവിലുള്ളവ നിലനിര്‍ത്തുകയും പുതിയത് അനുവദിക്കാതിരിക്കലുമാണ് സര്‍ക്കാര്‍ നയം.
ബാറുകളും ബിവറേജസ് കോര്‍പറേഷന്‍െറ ചില വില്‍പനശാലകളും പൂട്ടിയിട്ടും മദ്യവില്‍പന കുറഞ്ഞിട്ടില്ളെന്നതാണ് വസ്തുത. മദ്യത്തെക്കാള്‍ വലിയ സാമൂഹിക വിപത്താണ് മയക്കുമരുന്നുപോലുള്ള ലഹരി വസ്തുക്കള്‍. കേരളത്തില്‍ മയക്കുമരുന്ന് മാഫിയാസംഘങ്ങള്‍ കുട്ടികളെ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതിവിപുലമായ ബോധവത്കരണവും ജാഗ്രതയും ഈ വിഷയത്തില്‍ വേണമെന്ന് മന്ത്രി പറഞ്ഞു. ലോക വനിതദിനമായ മാര്‍ച്ച് എട്ടിന് കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍ എന്നിവരുമായി ചേര്‍ന്ന് വീടുകള്‍ തോറും ലഹരിവിരുദ്ധ കാമ്പയിന്‍ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.