മത സൗഹാർദം കാത്തുസൂക്ഷിക്കണം -ക്ലിമ്മീസ് ബാവ
text_fieldsതിരുവനന്തപുരം: നാർകോട്ടിക് വിവാദത്തിനിടെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്ക ബാവ മുൻകൈയെടുത്ത് തിരുവനന്തപുരത്ത് മത - സാമുദായിക നേതാക്കളുടെ യോഗം ചേർന്നു. പ്രമുഖ മുസ്ലിം സംഘടനകൾ യോഗത്തിൽനിന്ന് വിട്ടുനിന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, സമസ്ത എ.പി. വിഭാഗം, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകളാണ് വിട്ടുനിന്നത്. ചങ്ങനാശേരി ആർച് ബിഷപും യോഗത്തിൽ പങ്കെടുത്തില്ല.
മത സൗഹാർദം കാത്ത് സൂക്ഷിക്കണമെന്നും സമൂഹങ്ങൾ തമ്മിലുള്ള ആത്മബന്ധം ഒരു കാരണവശാലും നഷ്ടപ്പെടാൻ പാടില്ലെന്നും ക്ലിമ്മീസ് കത്തോലിക്ക ബാവ പറഞ്ഞു. അതിന് ഇത്തരത്തിലുള്ള ഫോറങ്ങൾ പ്രാദേശികമായി സജീവമാകണം എന്നുള്ള ആഗ്രഹമാണ് ഇന്ന് ഞങ്ങൾ പങ്കുവെച്ചതെന്ന് ക്ലിമ്മീസ് കത്തോലിക്ക ബാവ പറഞ്ഞു. യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചങ്ങനാശേരി ആർച് ബിഷപ് യോഗത്തിൽ വരുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് എത്താൻ അസൗകര്യമുണ്ടെന്ന് പറഞ്ഞു. അത് മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ഗുരുരത്നം ജ്ഞാനതപസ്വി അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു.
മതത്തിൻെറ പേരിൽ സ്പർധ ഉണ്ടാകാതെ സമാധാനം നിലനിർത്തുന്ന അന്തരീക്ഷം ഉണ്ടാകുക എന്ന ഉദ്ദേശ്യമാണ് യോഗത്തിൽ ഉണ്ടായിട്ടുള്ളതെന്നും, ആരെയും അപലിക്കാനോ ന്യായീകരിക്കാനോ അല്ല, ഇത്തരത്തിൽ ഒരു സാഹചര്യം ഇവിടെ ഇല്ലാതിരിക്കുക എന്ന ആഗ്രഹത്തിലാണ് യോഗം ചേർന്നതെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു. യോഗത്തെ മുസ്ലിം ലീഗ് സ്വാഗതം ചെയ്തിട്ടുണ്ടെന്നും സമസ്ത പിന്തുണച്ചിട്ടുണ്ടെന്നും മുനവ്വറലി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.