ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ കെ.സി.ബി.സി പ്രസിഡന്‍റ്
text_fieldsകൊച്ചി: സിറോ മലങ്കര സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ (കെ.സി.ബി.സി) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്‍റായി ഇരിങ്ങാലക്കുട രൂപത അധ്യക്ഷന്‍ പോളി കണ്ണൂക്കാടനും സെക്രട്ടറി ജനറാളായി കണ്ണൂര്‍ രൂപത അധ്യക്ഷന്‍ അലക്‌സ് വടക്കുംതലയും തെരഞ്ഞെടുക്കപ്പെട്ടു. കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ശീതകാല സമ്മേളനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
കേരളത്തിലെ ഭൂപരിഷ്‌കരണ നിയമങ്ങള്‍ അനുസരിച്ച് 1970നു മുമ്പ് കൈവശംവെച്ച് കൃഷി ചെയ്തിരുന്ന കൃഷിഭൂമികള്‍ക്ക് ലഭിച്ചിരുന്ന ക്രയവിക്രയ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാൻ 2020ല്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന് കെ.സി.ബി.സി സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബത്തിന്റെ അസ്തിത്വം തന്നെ ഇല്ലാതാക്കുന്ന പ്രവണതകള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നും മെത്രാൻ സമിതി ആവശ്യപ്പെട്ടു.
കേരളസഭ നവീകരണം 2022-25 പ്രവര്‍ത്തന പദ്ധിതകള്‍ക്ക് അംഗീകാരം നൽകി. 2023 ഡിസംബറില്‍ ദിവ്യകാരുണ്യകോണ്‍ഗ്രസും 2024 ഡിസംബറില്‍ യുവജനസംഗമവും 2025 ഡിസംബറില്‍ മിഷന്‍ കോണ്‍ഗ്രസും നടത്തും. ദലിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ 2004ല്‍ സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ നിലപാട് പുനഃപരിശോധിക്കണമെന്നും വിവിധ കമീഷനുകള്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ദലിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം ലഭിക്കുന്നതിന് അനുകൂല നിലപാട് കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും ഇതിനായി സംസ്ഥാന സർക്കാർ ശിപാര്‍ശ ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.