ബാഷ സിനിമ സംവിധായകനാര്? പി.എസ്.സി ചോദ്യംകണ്ട് ഞെട്ടി ഉദ്യോഗ്യാർഥികള്‍
text_fieldsതിരുവനന്തപുരം: പാഠ്യപദ്ധതിയിലെ വ്യവസ്ഥകള്‍ ലംഘിച്ച് പി.എസ്.സിയുടെ ഹയര്‍ സെക്കന്‍ഡറി മലയാളം അധ്യാപക പരീക്ഷ. പ്രാചീന സാഹിത്യംമുതല്‍ ഉത്തരാധുനിക സാഹിത്യംവരെ വിപുലമായ പാഠ്യപദ്ധതിയാണ് പ്രസിദ്ധീകരിച്ചതെങ്കിലും അതിനോട് ഒട്ടും നീതിപുലര്‍ത്താത്ത ചോദ്യപേപ്പറാണ് ലഭിച്ചതെന്ന് പരീക്ഷയെഴുതിയവര്‍ കുറ്റപ്പെടുത്തുന്നു. 10 മൊഡ്യൂളില്‍നിന്ന് ഏഴുവീതം ചോദ്യങ്ങളുണ്ടാകുമെന്നാണ് പി.എസ്.സി അറിയിച്ചത്. എന്നാല്‍, ചില മൊഡ്യൂളുകളില്‍നിന്ന് ഒരു ചോദ്യംപോലുമുണ്ടായില്ല.
പ്രാചീന പാട്ടുകൃതികള്‍, മണിപ്രവാളം, ചമ്പുക്കള്‍, സന്ദേശകാവ്യങ്ങള്‍, ആട്ടക്കഥകള്‍, കീര്‍ത്തന സാഹിത്യം തുടങ്ങിയ പ്രധാന ഭാഗങ്ങളൊന്നും ചോദ്യങ്ങളില്‍ പരാമര്‍ശിച്ചിട്ടില്ല. വ്യാകരണം, ഭാഷാശാസ്ത്രം, നിരൂപണം, നവീനസാഹിത്യം എന്നിവയിലെ ചോദ്യങ്ങള്‍ക്ക് അമിതപ്രാധാന്യം ലഭിച്ചു. മലയാള സിനിമക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ല. പകരം ബാഷ എന്ന തമിഴ് സിനിമയുടെ സംവിധായകനാര്? ഏറ്റവും കൂടുതൽ കാലം ഒരേ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച സിനിമയേത്? തുടങ്ങിയവയാണ് ചോദിച്ചത്. പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്ന് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നു. കമീഷന് പരാതി നല്‍കി കാത്തിരിക്കുകയാണ് ഉദ്യോഗാർഥികൾ. ഓഗസ്റ്റ് എട്ടിനാണ് പരീക്ഷ നടത്തിയത്.
നേരത്തെ വനംവകുപ്പിൽ ആന പാപ്പാന്മാർക്കായി പി.എസ്.സി നടത്തിയ പരീക്ഷക്കെതിരെയും വിമർശനമുയർന്നിരുന്നു. ചോദ്യപേപ്പറിൽ ദ്രവ്യവും പിണ്ഡവും ലസാഗുവും ഉസാഘയുമൊക്കെയുണ്ടായിരുന്നെങ്കിലും ആനയെ കുറിച്ചുമാത്രം ഉണ്ടായിരുന്നില്ല. പാരപ്പെറ്റിൽ വെച്ച ചെടിച്ചട്ടി താഴേക്ക് പതിക്കുമ്പോൾ ഉണ്ടാകുന്ന ഊർജമാറ്റമേത്? യുദ്ധക്കപ്പലായ ഐ.എൻ.എസ് മഹീന്ദ്രക്ക് ഏത് സംസ്ഥാനത്തെ മലനിരകളുടെ പേരാണ് നൽകിയത്? ദൃശ്യപ്രകാശം ഘടക വർണങ്ങളായി വേർതിരിയുന്ന പ്രതിഭാസമേത്? ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്നത്? തുടങ്ങി ചോദ്യങ്ങൾ ചാട്ടുളിയായതോടെ ചോദ്യപേപ്പറിന് മുന്നിൽ നക്ഷത്രക്കാലെണ്ണുകയായിരുന്നു പാപ്പാന്മാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.