ഓർമകളിൽ നിറഞ്ഞ് ബഷീർ
text_fieldsബേപ്പൂർ: വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 30ാം ചരമവാർഷിക ദിനത്തിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളും അധ്യാപകരും സാഹിത്യ -സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും വൈലാലിൽ ഒത്തുചേർന്നു.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്നുള്ള 50ഓളം വിദ്യാലയങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും അതിരാവിലെ മുതൽ വൈലാലിലെ ഇടുങ്ങിയ വഴിയിലൂടെ ഒഴുകിയെത്തി. ബഷീറിന്റെ കഥാപാത്രങ്ങളുടെ വേഷം ധരിച്ചെത്തിയവരടക്കം മാങ്കോസ്റ്റിൻ തണലിൽ ഓർമകളിലൂടെ സഞ്ചരിച്ചു.
രാവിലെ അബ്ദുസ്സമദ് സമദാനി എം.പി ബഷീർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ജീവിതവും സാഹിത്യവും തമ്മിലെ അകലം ഇല്ലാതാക്കിയ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന് അദ്ദേഹം പറഞ്ഞു. വാക്കുകൾക്ക് മൗനത്തിന്റെ ശക്തിയുണ്ടെന്നും മൗനത്തിന് വാക്കുകളുടെ ശക്തിയുണ്ടെന്നും അദ്ദേഹം പഠിപ്പിച്ചു. ബഷീർ ഗ്രന്ഥകർത്താവ് മാത്രമല്ല ഭാഷാകർത്താവുകൂടിയാണെന്ന് സമദാനി കൂട്ടിച്ചേർത്തു.
ബഷീറിന്റെ ‘ബാല്യകാലസഖി’യുടെ 80ാം പിറന്നാൾ പതിപ്പിന്റെ പ്രകാശനവും നടന്നു. സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര വിദ്യാർഥികളുമായി സംവദിച്ചു. ഡി.സി. രവി അധ്യക്ഷത വഹിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കളായ ഷാഹിന ബഷീർ, അനീസ് ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
ബഷീറിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചിത്രപ്രദർശനവും ഒരുക്കിയിരുന്നു. ബഷീർ കൃതികളുടെ പ്രദർശനം ആകർഷകമായി. ‘ബാല്യകാലസഖി’യെ ആസ്പദമാക്കി പ്രവാസി സംവിധായകൻ കെ.കെ. ഷമീജ് കുമാറിന്റെ ‘ചോന്ന മാങ്ങ’ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. മാമുക്കോയയോടൊപ്പം അനീസ് ബഷീറും ചോന്ന മാങ്ങയിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കി മൂന്നാം ദിവസമാണ് മാമുക്കോയയുടെ മരണം.
ബേപ്പൂർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ബഷീർ കഥാപാത്രങ്ങളുടെ സ്കിറ്റ് അവതരിപ്പിച്ചു. ബഷീർ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട് മാന്ത്രികൻ പ്രദീപ് ഹൂഡിനോ തയാറാക്കിയ മായാജാല പ്രദർശനവും നടന്നു. വൈകീട്ട് കേരള യൂത്ത് അലൈവിന്റെ നേതൃത്വത്തിൽ ഭിന്നശേഷി സംഗമം നടന്നു. സംസ്ഥാന ഭിന്നശേഷി പുരസ്കാര ജേതാവ് അമൽ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. മാന്ത്രികൻ പ്രദീപ് ഹൂഡിനോ മുഖ്യാതിഥിയായി. റിയാലിറ്റി ഷോ ഫെയിം സലീം, മുഹ്സിന നൂറുൽ അമീൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.