പദ്ധതികൾ ചുവപ്പുനാടയിൽ; പരിഹാരമില്ലാതെ അടിസ്ഥാന ആവശ്യങ്ങൾ
text_fieldsകൊച്ചി: പദ്ധതികൾ ചുവപ്പുനാടയിൽ കുടുങ്ങിയപ്പോൾ പരിഹാരമാകാതെ ബാക്കിയാകുന്നത് ഭിന്നശേഷിക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ. അർഹമായ ആനുകൂല്യങ്ങൾ കൂടെ നിഷേധിക്കപ്പെടുമ്പോൾ സ്വതവേ പ്രതിരോധശേഷി കുറഞ്ഞ അവർ കോവിഡ് കാലത്ത് നേരിടുന്നത് കടുത്ത വെല്ലുവിളികളാണ്. മഹാമാരികാലത്ത് പലരുടെയും തൊഴിലും നഷ്ടപ്പെട്ടപ്പോൾ ഇനിയും ലഭിക്കാത്ത ആനുകൂല്യങ്ങൾക്ക് പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ്.
ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽ ചെയർ നൽകുന്ന പദ്ധതി ശുഭയാത്രക്ക് പ്രഖ്യാപനത്തിന് അപ്പുറം ഒന്നും സംഭവിച്ചിട്ടില്ല. 2018 ഡിസംബറിൽ ആവിഷ്കരിച്ച പദ്ധതിയിൽ 2423 പേരാണ് അപേക്ഷകർ. സാങ്കേതിക സമിതി പരിശോധിച്ച് തരം തിരിച്ച് ഗുണഭോക്തൃ തെരഞ്ഞെടുപ്പിനുള്ള നടപടി നടത്തുകയാണെന്ന പതിവ് മറുപടിയാണ് അധികൃതർക്ക്. ശയ്യാവലംബിതരായ രോഗികളെ സംരക്ഷിക്കുന്നത് മൂലം പുറം ജോലികള്‍ക്ക് പോകാന്‍ നിവൃത്തിയില്ലാത്ത പരിചാരകര്ക്കുവേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കിയ ആശ്വാസകിരണം പദ്ധതിയുടെ തുക വിതരണം മുടങ്ങിയിട്ട് ഒന്നരവർഷമായി. ഒരുലക്ഷത്തിലധികം ആളുകൾക്ക് ഒരു ദിവസം 20 രൂപ പ്രകാരം പ്രതിമാസം നൽകി വന്നിരുന്ന 600 രൂപയുടെ വിതരണമാണ് കൃത്യതയില്ലാതായത്. 2018 ജൂലൈ വരെയുള്ള ധനസഹായം മാത്രമാണ് ലഭിച്ചത്.
അർബുദം, പക്ഷാഘാതം തുടങ്ങി മുഴുവൻ സമയ പരിചാരകെൻറ സേവനം ആവശ്യമുള്ള വിധം കിടപ്പിലായ രോഗികൾ, പ്രായാധിക്യത്താൽ കിടപ്പിലായവർ, നൂറുശതമാനം അന്ധത ബാധിച്ചവർ, തീവ്ര മനോരോഗമുള്ളവർ, ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയവ ബാധിച്ചവരെ പരിചരിക്കുന്നവർ എന്നിവരാണ് ഗുണഭോക്താക്കൾ. 2019 ഏപ്രിൽ മാസംവരെ 1,13,717 പേരാണ് ഈ വർഷത്തെ പട്ടികയിലുള്ളത്. 2018-19 സാമ്പത്തിക വർഷത്തിൽ 120301, 2017-18ൽ 102952, 2016-17ൽ 90251, 2015-16ൽ 72359, 2014-15ൽ 63544 പേർ എന്നിങ്ങനെയായിരുന്നു ഗുണഭോക്താക്കളുടെ എണ്ണം.
80 ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ളവർക്കുള്ള പെൻഷൻ തുക ഇനിയും വർധിപ്പിച്ചിട്ടില്ല. സാധാരണ ലഭിക്കുന്ന പെൻഷനൊപ്പം പ്രത്യേകമായി ലഭിക്കേണ്ട ധനസഹായം വർധിപ്പിക്കണമെന്ന ആവശ്യമാണ് പരിഗണിക്കപ്പെടാത്തത്.
ഭിന്നശേഷി സൗഹൃദ വിനോദസഞ്ചാരമെന്നത് വാക്കുകളിൽ ഒതുങ്ങുന്ന സ്ഥിതിയാണെന്ന് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി 'മാധ്യമ'ത്തോട് പറഞ്ഞു. പറശ്ശിനിക്കടവ്, നെയ്യാർ ഡാം, എറണാകുളം മറൈൻഡ്രൈവ് തുടങ്ങിയ സ്ഥലങ്ങളിലൊന്നും സൗകര്യമില്ല. ഭിന്നശേഷി അവകാശ നിയമം പൂർണതോതിൽ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ശുഭയാത്ര പദ്ധതി പ്രകാരം വീൽചെയർ നൽകാൻ 700 പേരുടെ പട്ടിക തയാറാക്കിയെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ വിതരണം ആരംഭിക്കുമെന്നും കേരള സ്റ്റേറ്റ് ഹാൻഡികാപ്ഡ് പേഴ്സൻസ് വെൽഫെയർ കോർപറേഷൻ എം.ഡി മൊയ്തീൻകുട്ടി പൂമരത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.