25 കുട്ടികൾ ഇല്ലാത്ത ബാച്ചുകളെ ഒഴിവാക്കി ഹയർസെക്കൻഡറികളിൽ തസ്തിക നിർണയം; അറബി തസ്തികക്ക് 10 കുട്ടികൾ മതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ 25ൽ താഴെ വിദ്യാർഥികളുള്ള ബാച്ചുകൾ ഒഴിവാക്കി തസ്തിക നിർണയത്തിന് സർക്കാർ ഉത്തരവ്. പ്ലസ് വണിലും പ്ലസ് ടുവിലും ഒരുപോലെ 25ൽ താഴെ വിദ്യാർഥികളുള്ള ബാച്ചുകളെ ഒഴിവാക്കും. തസ്തിക സൃഷ്ടിച്ചു കഴിഞ്ഞ ബാച്ചുകളിലെല്ലാം 1991ലെ സർക്കാർ ഉത്തരവ് പ്രകാരം മിനിമം 25 കുട്ടികൾ വേണമെന്ന നിലയിൽ തസ്തിക കണക്കാക്കണം. കുട്ടികൾ കുറഞ്ഞതിനെ തുടർന്ന് മറ്റ് സ്കൂളുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത 38 ബാച്ചുകൾ ഉണ്ടായിരുന്ന സ്കൂളുകളിലെ തസ്തികകൾ പുനർനിർണയിക്കണമെന്നും ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ അടങ്ങിയ ഉത്തരവിൽ പറയുന്നു.
തസ്തിക സൃഷ്ടിച്ച സ്കൂളുകളിലെ ഉപഭാഷ തസ്തികകളിലെ ഏറ്റക്കുറച്ചിലുകൾ കണക്കാക്കുമ്പോൾ മാർജിനൽ സീറ്റ് വർധനയിലൂടെ പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണവും പരിഗണിക്കണം. 1998ലെ സർക്കാർ ഉത്തരവ് പ്രകാരം അറബിക് ഉപഭാഷയുടെ തസ്തിക നിർണയത്തിന് മിനിമം വിദ്യാർഥികളുടെ എണ്ണം 10 ആയി പരിഗണിക്കാനും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
2019 ഡിസംബർ 16ന് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ കത്തിലൂടെ അറബി ഉപഭാഷ അധ്യാപക തസ്തിക സൃഷ്ടിക്കാൻ 25 കുട്ടികൾ വേണമെന്ന നിബന്ധന കൊണ്ടുവന്നിരുന്നു. മറ്റ് ഉപഭാഷകൾക്ക് തസ്തിക സൃഷ്ടിക്കാൻ 10 കുട്ടികൾ മതിയെന്നിരിക്കെ അറബിക്കിന് മാത്രം 25 കുട്ടികൾ വേണമെന്ന വ്യവസ്ഥ കൊണ്ടുവന്നത് നിയമസഭയിൽ ഉൾപ്പെടെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ 129 ഹയർസെക്കൻഡറികളിൽ 129 ബാച്ചുകൾ 25ൽ താഴെ കുട്ടികളുമായി നിലവിലുണ്ട്. ഈ സ്കൂളുകളിലെ അധ്യാപകരെ തസ്തിക നിർണയം പ്രതികൂലമായി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.