ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ്; ശബ്ദം കെ. സുരേന്ദ്രന്‍റേത് തന്നെ
text_fieldsകൽപറ്റ: സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കാൻ സി.കെ. ജാനുവിന് കോഴ നൽകിയെന്ന കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോൺ സംഭാഷണത്തിലെ ശബ്ദം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റേത് തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്. ഫോണുകൾ ഉൾപ്പെടെ 14 ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഫോറൻസിക് പരിശോധനഫലമാണ് പൊലീസിന് ലഭിച്ചത്. ഫോൺ സംഭാഷണത്തിലെ ശബ്ദം സുരേന്ദ്രന്‍റേത് തന്നെയാണെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ മുമ്പേ വ്യക്തമായിട്ടും റിപ്പോർട്ട് പുറത്തുവിടുന്നത് വൈകിപ്പിക്കുകയായിരുന്നുവെന്ന് ആരോപണമുയർന്നിട്ടുണ്ട്. തെളിവുകൾ ലഭിച്ചിട്ടും ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതും അറസ്റ്റ് ഉൾപ്പെടെ നടപടികളിലേക്ക് നീങ്ങാത്തതും കേസ് ഒതുക്കിത്തീർക്കാനുള്ള നീക്കമാണെന്നാണ് അണിയറ സംസാരം. ഇനി ഒരു ഫോണിലെ വിവരങ്ങൾ കൂടിയാണ് ലഭിക്കാനുള്ളത്. ഇതുവരെ നീട്ടിക്കൊണ്ടുപോയ കേസിൽ അധികം വൈകാതെ കുറ്റപത്രം സമർപ്പിച്ചേക്കും.
നേരത്തേ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ കെ. സുരേന്ദ്രൻ, സി.കെ. ജാനു, ബി.ജെ.പി ജില്ല ജനറൽ സെകട്ടറി പ്രശാന്ത് മലയൽ, പ്രസീത അഴീക്കോട് എന്നിവരുടെ ശബ്ദ സാമ്പ്ളുകൾ പരിശോധിച്ചിരുന്നു. ഫോൺ സംഭാഷണങ്ങളിലെ ശബ്ദം ഇവരുടേത് തന്നെയെന്നാണ് പൊലീസിന് ലഭിച്ച എഫ്.എസ്.എൽ റിപ്പോർട്ടിലുള്ളത്. പണം കൈമാറിയതുമായി ബന്ധപ്പെട്ട സംഭാഷണങ്ങൾ ഉൾപ്പെടുന്ന ഫോണുകളടക്കം എല്ലാ ഉപകരണങ്ങളും പൊലീസ് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇവയുടെ പരിശോധനഫലവും പ്രതികൾക്കെതിരാണ്.
സുരേന്ദ്രൻ ഒന്നാംപ്രതിയും സി.കെ. ജാനു രണ്ടാംപ്രതിയും പണം കൈമാറിയ ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ മൂന്നാം പ്രതിയുമാണ്. നിലവിലുള്ള വകുപ്പുകൾക്ക് പുറമെ തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ജെ.ആർ.പി നേതാവ് പ്രസീത അഴീക്കോട് കേസിൽ സാക്ഷിയാണ്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന വകുപ്പാണ് ചുമത്തിയിരുന്നത്. 2021 മാർച്ചിൽ തിരുവനന്തപുരത്തെ ഹോട്ടലിൽ 10 ലക്ഷം രൂപയും ബത്തേരിയിലെ ഹോംസ്റ്റേയിൽ 25 ലക്ഷം രൂപയും സി.കെ ജാനുവിന് കൈമാറിയെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.