'ചെങ്ങന്നൂരിൽ സഹകരിക്കൂ, എന്നിട്ടാവാം പദവി'- ബി.ഡി.ജെ.എസിന് ബി.ജെ.പിയുടെ ശാസനം
text_fieldsതൃശൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സഹകരിക്കുകയാണെങ്കിലേ വാഗ്ദാനം ചെയ്ത പദവികളെക്കുറിച്ച് ചർച്ചയുള്ളൂ എന്ന് ബി.ഡി.ജെ.എസിന് ബി.ജെ.പിയുടെ അന്ത്യശാസനം. കേന്ദ്രസർക്കാറിലെ ആറ് സ്റ്റാൻഡിങ് കൗൺസിൽ പദവികളാണ് ബി.ഡി.ജെ.എസിന് ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുന്നത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സഹകരിച്ചാൽ മാത്രമേ കേന്ദ്രസർക്കാറിെൻറ പൊതുമേഖല സ്ഥാപനങ്ങളിലെ ചെയർമാനടക്കമുള്ള പദവികൾ ബി.ഡി.ജെ.എസിന് നൽകാവൂ എന്ന ബി.ജെ.പി സംസ്ഥാന നേതാക്കളുടെ നിലപാട് അംഗീകരിച്ചാണ് കേന്ദ്രനേതൃത്വത്തിെൻറ ഇൗ നീക്കം.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് നിസഹകരണം പ്രഖ്യാപിച്ചത് ബി.ജെ.പി സംസ്ഥാന നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. നിസഹകരണം പ്രഖ്യാപിച്ചതിന് ശേഷം എൻ.ഡി.എയിലെ മറ്റ് കക്ഷികളെകൂട്ടി എറണാകുളത്ത് യോഗം ചേരാനുള്ള ബി.ഡി.ജെ.എസ് നീക്കം ബി.ജെ.പി പൊളിച്ചിരുന്നു.
മുന്നണി മര്യാദകൾക്ക് യോജിക്കാത്ത സമ്മർദ തന്ത്രമാണ് ബി.ഡി.ജെ.എസ് ഉയർത്തുന്നതെന്നതിനാൽ ബി.ഡി.ജെ.എസിെൻറ ഭീഷണിക്ക് മുന്നിൽ വഴങ്ങേണ്ടെന്നാണ് ബി.ജെ.പി നേതാക്കളുടെ നിലപാട്.
നേരത്തെ തന്നെ ബി.ഡി.ജെ.എസിനോട് അകലം പാലിച്ച വി. മുരളീധരൻ ഇക്കാര്യത്തിൽ കടുത്ത നിലപാടിലാണ്. കേന്ദ്രനേതൃത്വത്തിലുള്ള മുരളീധരെൻറ സ്വാധീനമാണ് പുതിയ നിലപാടിലേക്ക് എത്തിച്ചതത്രെ.
മുന്നണിയുടെ കെട്ടുറപ്പ് തകർക്കാൻ അനുവദിക്കില്ലെന്ന് കേരള കോൺഗ്രസ് നേതാവ് പി.സി. തോമസ്, ലോക്ജനശക്തി പാർട്ടി നേതാവ് എം. മെഹബൂബ്, പി.എസ്.പി നേതാവ് കെ.കെ. പൊന്നപ്പൻ എന്നിവർ ബി.ഡി.ജെ.എസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബി.ഡി.ജെ.എസ് ഒഴികെയുള്ള കക്ഷികളെ കൂടെ നിർത്തുന്നതിന് പി.സി. തോമസിനെയാണ് ബി.ജെ.പി നിയോഗിച്ചിരിക്കുന്നത്.
യോഗം പൊളിക്കാനായതിലൂടെ ഇത് വിജയിച്ചെന്നാണ് വിലയിരുത്തൽ. ബി.ജെ.പി വാഗ്ദാനം ചെയ്ത സ്റ്റാൻഡിങ് കൗൺസിൽ, നോട്ടറി തുടങ്ങിയ പദവികൾ സ്വീകരിക്കുമെന്ന് ബി.ഡി.ജെ.എസ് ഒഴികെയുള്ള ഘടകകക്ഷികൾ ബി.ജെ.പി നേതൃത്വത്തെ അറിയിക്കുകയും ഇതിനായി പട്ടിക കൈമാറുകയും ചെയ്തു. വാഗ്ദാനം ചെയ്ത പദവികൾ ബി.ഡി.ജെ.എസിന് നൽകാൻ വിരോധമില്ലെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന നേതാവ് പറഞ്ഞു. സ്റ്റാൻഡിങ് കൗൺസിൽ പദവികൾ ഏറ്റെടുത്തേക്കാമെന്ന സൂചന സംസ്ഥാന നേതാവ് പങ്കുവെച്ചു. എന്നാൽ മുന്നണിയുടെ പ്രവർത്തനത്തിൽ ബി.ഡി.ജെ.എസ് നിലപാട് ദോഷകരമായി ബാധിക്കുന്നെന്ന ബി.ജെ.പി സംസ്ഥാന നേതാക്കളുടെ പരാതി കേന്ദ്രനേതൃത്വം ഗൗരവമായാണ് കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.