എൻ.ഡി.എ വിടാനുറച്ച് ബി.ഡി.ജെ.എസ്, ദോഷംചെയ്യില്ലെന്ന് ബി.ജെ.പി
text_fieldsതിരുവനന്തപുരം: ഉറപ്പുകൾ ഒന്നൊന്നായി ലംഘിക്കപ്പെടുന്നതിനെ തുടർന്ന് ബി.ഡി.ജെ.എസ്-എൻ.ഡി.എ ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു. യു.ഡി.എഫിലോ എൽ.ഡി.എഫിലോ ചേക്കാറാമെന്ന നിലപാടിലാണ് ബി.ഡി.ജെ.എസ്. എസ്.എൻ.ഡി.പി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഇതേ അഭിപ്രായമാണുള്ളത്. എന്നാൽ ബി.ഡി.ജെ.എസ് എൻ.ഡി.എ വിട്ടാലും ദോഷമുണ്ടാകില്ലെന്ന് ബി.ജെ.പിയും പറയുന്നു. എൽ.ഡി.എഫ് മുന്നണി വിപുലീകരണ ചർച്ചകൾ സജീവമാക്കിയ സാഹചര്യത്തിലാണ് ബി.ഡി.ജെ.എസിെൻറ മനംമാറ്റം. ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളിയും നിലപാടിൽ മാറ്റംവരുത്തി. മുന്നണിമാറ്റം വേണമെന്ന ആവശ്യം പാര്‍ട്ടിയിലെ ഒരുവിഭാഗം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനംചെയ്ത പദവികള്‍ വെച്ചുനീട്ടിയാലും ഇനി സ്വീകരിക്കില്ലെന്നും തുഷാർ വ്യക്തമാക്കുന്നു. എൻ.ഡി.എ രൂപവത്കരണ സമയം മുതൽ കേന്ദ്രസർക്കാറിന് കീഴിലുള്ള ബോർഡ്, കോർപറേഷനുകളിൽ ബി.ഡി.ജെഎസ് പ്രതിനിധികൾക്ക് അർഹമായ സ്ഥാനമാനങ്ങൾ നൽകുമെന്ന് ബി.ജെ.പി ദേശീയ നേതൃത്വം ഉറപ്പുനൽകിയിരുന്നതാണ്. ഏറ്റവുമൊടുവിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിച്ച ജനരക്ഷായാത്രയിൽ പങ്കാളികളാകുന്നതിന് നടത്തിയ അനുനയ ചർച്ചയിലും ബി.ജെ.പി നേതൃത്വം വാഗ്ദാനം ആവർത്തിച്ചു. അവഗണന തുടരുന്ന സാഹചര്യത്തിലാണ് ബി.ഡി.ജെ.എസ് കടുത്ത നിലപാട് സ്വീകരിക്കാനൊരുങ്ങുന്നത്. മുന്നണി മാറ്റത്തിനുള്ള ചർച്ചകൾക്കും ബി.ഡി.ജെ.എസ് നീക്കം ആരംഭിച്ചു.
എന്നാൽ പാര്‍ലമെൻറ് െതരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള വിലപേശല്‍ തന്ത്രമാണ് ബി.ഡി.ജെ.എസിേൻറതെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. കേന്ദ്ര നേതൃത്വത്തിെൻറ ഇടപെടൽ മൂലമാണ് ബി.ഡി.ജെ.എസ് മുന്നണിയിൽ എത്തിയതെന്നും കേന്ദ്രനേതൃത്വമാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളേണ്ടതെന്നും സംസ്ഥാന നേതൃത്വം പറയുന്നു. ബി.ഡി.ജെ.എസിലെ നല്ലൊരുവിഭാഗം പ്രവർത്തകർ ബി.ജെ.പിക്കാരായെന്നും അതിനാൽ അവർ മുന്നണി വിട്ടുപോയാലും കാര്യമായ പ്രശ്നങ്ങളുണ്ടാകില്ലെന്നും ബി.ജെ.പി വൃത്തങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.