ബി.ഡി.ജെ.എസ് പിളർന്നു, പുതിയ പാർട്ടി രൂപവത്കരിച്ചു
text_fieldsതിരുവനന്തപുരം: എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് പിളർന്നു, പാർട്ടിയിൽ ജനാധിപത്യം നഷ്ടപ്പെെട്ടന്നാരോപിച്ച് ഒരു വിഭാഗം ബി.ഡി.ജെ.എസ് (ഡെമോക്രാറ്റിക്) എന്ന പുതിയ പാർട്ടി രൂപവത്കരിച്ചു. ബി.ഡി.ജെ.എസ് തിരുവനന്തപുരം മുൻ ജില്ല പ്രസിഡൻറ് ചൂഴാൽ ജി. നിർമലനാണ് പാർട്ടി പ്രഖ്യാപനം നടത്തിയത്. എല്ലാ ജില്ലകളിലും അസ്വസ്ഥരായ നിരവധി പേരുണ്ടെന്നും അവർ പുതിയ പാർട്ടിയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി താന്നിമൂട് സുധീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സ്ഥാനത്തുനിന്ന് ചൂഴാൽ നിർമലനെ മാസങ്ങൾക്ക് മുമ്പ് മാറ്റിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് പാർട്ടി രൂപവത്കരണത്തിലെത്തിയത്. എസ്.എൻ.ഡി.പി യോഗം പാറശ്ശാല യൂനിയൻ സെക്രട്ടറി കൂടിയായ നിർമലെൻറ നേതൃത്വത്തിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചത് എസ്.എൻ.ഡി.പി ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശെൻറ ആശീർവാദത്തോടെയാണെന്നാണ് വിവരം. ബി.ഡി.ജെ.എസിനെ എൽ.ഡി.എഫ് പാളയത്തിലേക്ക് കൊണ്ടുപോകാനുള്ള ആഗ്രഹം വെള്ളാപ്പള്ളിക്കുണ്ടായിരുന്നു. അതിനായി ബി.ഡി.ജെ.എസ് മുന്നണി വിട്ടുവരണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുെവച്ചിരുന്നു. എന്നാൽ, അധ്യക്ഷനായ തുഷാർ വെള്ളാപ്പള്ളി ഇതിനോട് യോജിച്ചില്ല.
മുഖ്യമന്ത്രി പിണറായി വിജയനോടും എൽ.ഡി.എഫിനോടും അടുത്ത ബന്ധം തുടരുന്ന വെള്ളാപ്പള്ളി തെൻറ നീക്കം മറ്റൊരു മാർഗത്തിലൂടെ വിജയത്തിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നാണ് സൂചന. എന്നാൽ, എൻ.ഡി.എ വിടുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ജില്ല കമ്മിറ്റികൾ രൂപവത്കരിച്ചശേഷം തീരുമാനമെടുക്കുമെന്നും ചൂഴാൽ നിർമലൻ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ചാലക്കുടി സുനിൽ, ബൈജു തോന്നയ്ക്കൽ, ജില്ല പ്രസിഡൻറ് ശ്രീകുമാരിയമ്മ, ചന്തവിള ചന്ദ്രൻ, വിശ്വനാഥൻ എന്നിവർ പാർട്ടി പ്രഖ്യാപന ചടങ്ങിൽ സംസാരിച്ചു.
ബി.ഡി.ജെ.എസ് എൻ.ഡി.എയിൽ ഉറച്ചുനിൽക്കുമെന്ന് ശ്രീധരൻപിള്ള
കോഴിക്കോട്: ആർക്കും വേർപെടുത്താൻ കഴിയാത്തവിധം ബി.ഡി.ജെ.എസ് എൻ.ഡി.എയിൽ ഉറച്ചുനിൽക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള. പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപെട്ടില്ല. ഘടക കക്ഷികളുമായുള്ള ചർച്ച ഏതാണ്ട് പൂർത്തിയായി. കേന്ദ്ര നേതൃത്വത്തിൽനിന്ന് അംഗീകാരം കിട്ടിയാൽ ലോക്സഭ സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി പ്രസിഡൻറ് മത്സരത്തിനുണ്ടാവുമോ എന്ന ചോദ്യത്തിന്, നേതൃത്വത്തിന് മറുപടി നൽകിയിട്ടുണ്ടെന്നും മാധ്യമങ്ങൾക്കു മുന്നിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. സമഗ്രമായി തെരഞ്ഞെടുപ്പിനെ നേരിടാൻ എല്ലാ തയാറെടുപ്പും മുൻകൂട്ടിയെടുത്ത ആദ്യ പാർട്ടി ബി.ജെ.പിയാണ്. നാളെ തെരഞ്ഞെടുപ്പ് നടത്തിയാലും പാർട്ടി തയാറാണെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.