സി.പി.എമ്മിനെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആർ.എസ്.എസ് കരുതേണ്ട -കോടിയേരി
text_fieldsകോഴിക്കോട്: സി.പി.എമ്മിനെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആർ.എസ്.എസ് കരുതേണ്ടെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഫാഷിസത്തെ പ്രതിരോധിക്കുന്നത് അവരോടുള്ള ഭയം മൂലമല്ല. ജനാധിപത്യരീതിയിൽ പ്രവർത്തിക്കാൻ തങ്ങളെ അനുവദിക്കാതിരിക്കുേമ്പാൾ ആർ.എസ്.എസിെൻറ തോക്കിനും ദണ്ഡിനും മുന്നിൽ ഒളിച്ചിരിക്കാനാവില്ല. സംസ്ഥാന സെക്രേട്ടറിയറ്റ് യോഗ തീരുമാനങ്ങൾ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
പോളിറ്റ്ബ്യൂറോ ആഹ്വാനംചെയ്ത ദേശീയതലത്തിലെ പ്രതിഷേധ പരിപാടിയുടെ ഭാഗമായി ഒക്ടോബർ ഒമ്പതിന് സംസ്ഥാനത്ത് മലപ്പുറം ഒഴികെ ജില്ല കേന്ദ്രങ്ങളിൽ ഫാഷിസത്തിനെതിരെ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. വേങ്ങര ഉപതെരഞ്ഞെടുപ്പ് കാരണമാണ് മലപ്പുറത്തെ ഒഴിവാക്കിയത്. ഫാഷിസ്റ്റ് ഭീഷണി നേരിടുന്ന ദലിത്, പിന്നാക്ക വിഭാഗങ്ങൾക്കുൾപ്പെടെ പരിപാടിയുമായി സഹകരിക്കാം. പ്രമുഖ വ്യക്തികളെയും സാംസ്കാരിക നേതാക്കളെയും അണിനിരത്തും. ദേശീയതലത്തിൽ സി.പി.എമ്മിന് മാത്രമായി ഫാഷിസത്തെ ചെറുക്കാൻ സാധ്യമല്ലെന്നിരിക്കെ ആരുമായും സഹകരിക്കാൻ സി.പി.എം തയാറാണ്. എന്നാൽ, ഇതിെൻറ പേരിൽ കോൺഗ്രസുമായി രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കുക അസാധ്യമാണ്. സാമ്പത്തിക വിഷയത്തിൽ ഉൾപ്പെടെ നയപരമായ ഭിന്നതയുള്ളവർക്കൊപ്പം ഭരണനിർവഹണം പ്രായോഗികമല്ല. ആർ.എസ്.എസിനെ ഒറ്റപ്പെടുത്താൻ കോൺഗ്രസിനാവില്ലെന്ന് മുമ്പത്തെ യു.പി.എ പരീക്ഷണത്തിൽതന്നെ വ്യക്തമായതാണെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി വിശദീകരിച്ചു.
ഒക്ടോബർ 15 മുതൽ നവംബർ 15വരെ സി.പി.എം ലോക്കൽ സമ്മേളനങ്ങളുടെ ഭാഗമായി ശക്തമായ ഫാഷിസ്റ്റ് വിരുദ്ധ പ്രചാരണം നടത്തും. വർഗീയ വിരുദ്ധ പ്രഭാഷണങ്ങളും പ്രദർശനങ്ങളും സംഘടിപ്പിക്കും. ലഘുലേഖ വിതരണവും വീടുകൾ കയറിയുള്ള പ്രചാരണവുമുണ്ടാകും. ഡൽഹിയിൽ സി.പി.എമ്മിെൻറ കേന്ദ്രകമ്മിറ്റി ഒാഫീസ് സ്തംഭിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അവിടെ നിയമവാഴ്ച തകർക്കാൻ കേന്ദ്രമന്ത്രിമാർ തന്നെ നേതൃത്വം നൽകുന്നു. മറ്റ് പാർട്ടികളുടെ ഒാഫിസുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന ഫാഷിസമാണ് ഇതിനുപിന്നിൽ.
ബലിദാന ഗാനങ്ങൾകൊണ്ട് മതേതര കേരളത്തിെൻറ മനസ്സ് കീഴടക്കാൻ ആർ.എസ്.എസിനാകില്ല. ഗാന്ധിജിയെ വധിച്ച ഗോദ്സെയെ ദൈവമായി വിശേഷിപ്പിച്ച അമിത് ഷാ പയ്യന്നൂരിൽ എത്തിയപ്പോൾ ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. ആർ.എസ്.എസിെൻറ ഇൗ പരിപ്പ് കേരളത്തിൽ വേവില്ല. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർക്കൊപ്പം നിന്നതാണ് അവരുടെ ചരിത്രമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.