ബി.ഡി.എസ്: മാനേജ്മെൻറ് േക്വാട്ട പ്രവേശനം തടഞ്ഞ നടപടി; മേൽനോട്ട സമിതി ഉത്തരവ് ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: രണ്ടു സ്വകാര്യ ഡെൻറൽ കോളജുകളിലെ ബി.ഡി.എസ് കോഴ്സിന് മാനേജ്മെൻറ് േക്വാട്ട പ്രവേശനം തടഞ്ഞ പ്രവേശന മേൽനോട്ട സമിതി ഉത്തരവ് ഹൈകോടതി റദ്ദാക്കി. കാസർകോട് പൊയിനാച്ചിയിലെ സെഞ്ച്വറി ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡെൻറൽ സയൻസ് ആൻഡ് റിസർച് സെൻറർ, കണ്ണൂർ ഡെൻറൽ കോളജ് എന്നിവയിലെ പ്രവേശനത്തിനെതിരായ നടപടിയാണ് റദ്ദാക്കിയത്. ഒാൺലൈൻ അപേക്ഷ സമയബന്ധിതമായി പ്രവേശന മേൽനോട്ട സമിതി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയ രണ്ടു കോളജിനും കോടതി രണ്ടര ലക്ഷം രൂപ വീതം പിഴ വിധിച്ചു.
മേൽനോട്ട സമിതിക്ക് ഒാൺലൈൻ അപേക്ഷ നൽകിയില്ലെന്ന പേരിൽ പ്രവേശനം റദ്ദാക്കിയതിനെതിരെ സെഞ്ച്വറി ഡെൻറൽ കോളജ് വിദ്യാർഥിനി എം. ആദില ഉൾപ്പെടെയുള്ളവർ നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. 100 സീറ്റ് വീതമുള്ള കോളജുകളിലേക്ക് 2016 -17 ലേക്കാണ് ഹരജിക്കാർ പ്രവേശനം നേടിയത്.സർക്കാറുമായുള്ള കരാർ അനുസരിച്ച് 50 സീറ്റിൽ പ്രവേശന പരീക്ഷ കമീഷണറുടെ നിർദേശാനുസരണവും ബാക്കി 50 സീറ്റിൽ മാനേജ്മെൻറ്,- എൻ.ആർ.ഐ േക്വാട്ടകളിലുമാണ് പ്രവേശനം അനുവദിച്ചത്.
എന്നാൽ, ഇരു കോളജുകൾക്കും മാനേജ്മെൻറ് േക്വാട്ടയിൽ 32 സീറ്റുകളിൽ മാത്രമാണ് പ്രവേശനം നടത്താനായത്. ശേഷിച്ച സീറ്റ് കരാർ പ്രകാരം സർക്കാറിന് നൽകി. എന്നാൽ, മാനേജ്മെൻറ് േക്വാട്ടയിൽ പ്രവേശനം നൽകിയവരുടെ ഒാൺലൈൻ അപേക്ഷയുടെ വിവരങ്ങൾ മാനേജ്മെൻറുകൾ നൽകിയില്ലെന്ന് കണ്ടെത്തിയ പ്രവേശന മേൽനോട്ട സമിതി ഇവരുടെ പ്രവേശനം റദ്ദാക്കുകയായിരുന്നു. പ്രവേശന മേൽനോട്ട സമിതിയെ എന്തിനാണ് ഇരുട്ടിൽ നിർത്തുന്നതെന്നും ഒാൺലൈൻ അപേക്ഷ സമിതി വെബ്സൈറ്റിൽ എന്തുകൊണ്ടാണ് അപ്ലോഡ് ചെയ്യാതിരുന്നതെന്നും കോടതി ചോദിച്ചു. തുടർന്നാണ് കോളജുകളുടെ വീഴ്ചയിൽ കുട്ടികളെ ശിക്ഷിക്കേണ്ടതില്ലെന്ന് വിലയിരുത്തിയ കോടതി പ്രവേശന മേൽനോട്ട സമിതിയുടെ ഉത്തരവ് റദ്ദാക്കി കോളജുകൾക്ക് പിഴ ചുമത്തിയത്. പിഴ സംഖ്യ ഒരു മാസത്തിനകം ഹൈകോടതിയിലെ മീഡിയേഷൻ സെൻററിൽ കെട്ടി വെക്കാനാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.