ആ വിളി നിങ്ങളെയും തേടിയെത്താം; 'സി.ബി.ഐയോ' 'എൻഫോഴ്സ്മെന്‍റോ' ആകാം, വീഴരുത്
text_fieldsഎൻഫോഴ്സ്മെൻ്റ് ഓഫിസറാണെന്ന വ്യാജേന ഫോൺ ചെയ്ത് നടത്തുന്ന സാമ്പത്തികത്തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന് പൊലീസിന്‍റെ മുന്നറിയിപ്പ്. തികഞ്ഞ അവബോധം കൊണ്ടുമാത്രമേ ഈ തട്ടിപ്പ് തടയാൻ കഴിയൂ. നിരവധി പേർക്ക് ഇത്തരം തട്ടിപ്പിലൂടെ പണം നഷ്ടമാകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
തട്ടിപ്പിന്‍റെ രീതി ഇങ്ങനെ
നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം, വ്യാജ ആധാർ കാർഡുകൾ, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും തട്ടിപ്പിനായി വിളിക്കുന്നയാൾ അറിയിക്കുക. നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്.
വ്യക്തിവിവരങ്ങൾ ഇങ്ങോട്ട് പറയും
നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടുതന്നെ തട്ടിപ്പുകാരൻ പറഞ്ഞുതരും. പാഴ്സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ സി.ബി.ഐയിലെയോ സൈബർ പൊലീസിലെയോ മുതിർന്ന ഓഫിസർക്ക് കൈമാറുന്നു എന്നും പറയുന്നതോടെ മറ്റൊരാൾ സംസാരിക്കുന്നു. പാഴ്സലിനുള്ളിൽ എം.ഡി.എം.എയും പാസ്പോർട്ടും നിരവധി ആധാർ കാർഡുകളുമൊക്കെയുണ്ടെന്നും നിങ്ങൾ തീവ്രവാദികളെ സഹായിക്കുന്നുവെന്നും അയാൾ പറയുന്നു.
ഐ.ഡി കാർഡ്, വിഡിയോ കാൾ
പറയുന്ന കാര്യങ്ങൾ വിശ്വസിപ്പിക്കുന്നതിനായി പൊലീസ് ഓഫിസറാണ് എന്നു തെളിയിക്കുന്ന വ്യാജ ഐ.ഡി കാർഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജരേഖകൾ തുടങ്ങിയവ നിങ്ങൾക്ക് അയച്ചുതരും. ഐ.ഡി കാർഡ് വിവരങ്ങൾ വെബ്സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പുവരുത്താമെന്നും ഇവർ പറയും. മുതിർന്ന പൊലീസ് ഓഫിസറുടെ യൂണിഫോം ധരിച്ചയാൾ വീഡിയോ കാളിൽ വന്നായിരിക്കും ഈ ആവശ്യങ്ങൾ ഉന്നയിക്കുക.
സാമ്പത്തിക വിവരങ്ങൾ ചോദിച്ചറിയും
അടുത്തതായി, നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ നല്കാൻ പൊലീസ് ഓഫിസർ എന്ന വ്യാജേന തട്ടിപ്പുകാരൻ ആവശ്യപ്പെടും. നിങ്ങളുടെ സാമ്പത്തികസ്ഥിതി മനസ്സിലാക്കുന്ന വ്യാജ ഓഫിസർ സമ്പാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കായി അയച്ചുനൽകണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും പറയും. ഭീഷണി വിശ്വസിച്ച് അവർ അയച്ചുനൽകുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്ക് സമ്പാദ്യം അയച്ചുനൽകിയാൽ പിന്നെ ഇവർ അപ്രത്യക്ഷരാകും. ഇവരിൽനിന്ന് സന്ദേശങ്ങൾ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്യുന്നതോടെ മാത്രമേ തട്ടിപ്പ് മനസ്സിലാക്കാൻ സാധിക്കൂ.
ഇങ്ങനെ വിളി വന്നാൽ ചെയ്യേണ്ടതെന്ത്
ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഒട്ടും പരിഭ്രാന്തരാകാതിരിക്കുക. അവർ അയച്ചുതരുന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് ഒരു കാരണവശാലും പണം കൈമാറരുത്. ഒരു അന്വേഷണ ഏജൻസിയും അന്വേഷണത്തിനായി നിങ്ങളുടെ സമ്പാദ്യം കൈമാറാൻ ആവശ്യപ്പെടുകയില്ല. യഥാർഥ അന്വേഷണ ഏജൻസിക്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നിങ്ങളുടെ സമ്പാദ്യം സംബന്ധിച്ച് വിവരങ്ങൾ ബാങ്കിനോട് ആവശ്യപ്പെടാനുമുള്ള അധികാരം ഉണ്ടെന്നു മനസ്സിലാക്കുക.
തട്ടിപ്പിനിരയായാൽ എന്ത് ചെയ്യണം
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (ഗോൾഡൻ അവർ) തന്നെ വിവരം 1930ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.