ചെട്യാലത്തൂരിനെ വിറപ്പിച്ച കരടിയെ മയക്കുവെടിവെച്ച് പിടികൂടി
text_fieldsസുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്തിലെ ജനവാസ കേന്ദ്രമായ ചെട്യാലത്തൂര്‍ വനഗ്രാമെത്ത മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ കരടിയെ ഒടുവിൽ മയക്കുവെടിവെച്ച് പിടികൂടി. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് കരടിയിറങ്ങി പരിഭ്രാന്തി പരത്തിയത്. വനാതിര്‍ത്തിയില്‍ തൊഴിലുറപ്പ് പണിക്കായി എത്തിയവരെ ചെട്യാലത്തൂരില്വെച്ച് കരടി ഓടിക്കുകയായിരുന്നു. ആക്രമിക്കാന്‍ പാഞ്ഞടുത്ത കരടിയെ തൊഴിലാളികള്‍ ചേര്‍ന്ന് തൊട്ടടുത്ത കാപ്പിക്കളത്തില്‍ കുടുക്കി.
വനാതിര്‍ത്തിയില്‍ തടയണ നിർമിക്കുന്നതിനായി എത്തിയ തൊഴിലാളികള്‍ക്കു നേരെയാണ് ആക്രമണ ശ്രമമുണ്ടായത്. വര്ക്കുബുക്കില് ഒപ്പിട്ടശേഷം ജോലിക്കിറങ്ങവെയാണ് സംഭവം. 32 തൊഴിലാളികളാണ് സംഘത്തിലുണ്ടായിരുന്നത്. കരടിയെ കണ്ടതോടെ പരിഭ്രാന്തരായ തൊഴിലാളികള്‍ മരത്തിെൻറ മറവില്‍ നിന്നു. ഇതിനിടെ വനത്തിലേക്ക് കയറിപ്പോയ കരടി വീണ്ടും ചീറിക്കൊണ്ട് പാഞ്ഞടുക്കുകയായിരുന്നെന്ന് തൊഴിലാളികള്‍ പറഞ്ഞു. ആക്രമത്തില്‍നിന്ന് തലനാരിഴക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. തൊഴിലാളികളുടെ കുട്ടയും മറ്റും കരടികള്‍ തകര്‍ത്തു.
തൊഴിലാളിയായ ബൊമ്മനെ ആക്രമിക്കാനെത്തിയപ്പോള്‍ ഇയാൾ തൊട്ടടുത്ത കാപ്പിക്കളത്തിലേക്ക് ഓടിക്കയറുകയായിരുന്നു. പുറകെയെത്തിയ കരടിയും കാപ്പിക്കളത്തിൽ കയറിക്കൂടി. ഈ സമയം പിറകെയെത്തിയ പ്രദേശവാസികളില്‍ ഒരാള്‍ കാപ്പിക്കളത്തിെൻറ രണ്ടു ഗേറ്റുകളും അടച്ചു. കളത്തില്‍നിന്നും ബൊമ്മൻ രക്ഷപ്പെട്ടതോടെ കരടി കാപ്പിക്കളത്തില്‍ കുടുങ്ങുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികളായ ശകുന്തള, ഓണത്തി, രാഘവന് എന്നിവര്‍ക്ക് വീണു പരിക്കേറ്റു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മുത്തങ്ങ റേഞ്ച് ഒാഫിസര്‍ അജയ്ഘോഷ് അടങ്ങുന്ന വനപാലകസംഘം നടപടികള്‍ ഊര്‍ജിതമാക്കി. വൈല്‍ഡ് ലൈഫ് വാര്ഡന് എന്‍.ടി. സാജനും ഡോ. അരുണ്‍ സക്കറിയയും സ്ഥലത്തെത്തിയതോടെയാണ് മയക്കുവെടി വെക്കാനുള്ള തീരുമാനമായത്.
വൈകിട്ട് അഞ്ചോടെയാണ് മയക്കുവെടിവെച്ച് കരടിയെ പിടികൂടിയത്. മയക്കുവെടിയേറ്റ കരടി പുറത്തേക്കു കുതിക്കുന്നിതിനിടെ വനംവകുപ്പ് വിരിച്ച വലയില്‍ കുടുങ്ങുകയായിരുന്നു. ഒരു വയസ്സ് പ്രായമുള്ള പെണ്കരടിയെയാണ് പിടികൂടിയത്. ഇതിെൻറ ദേഹത്ത് മുറിപ്പാടുകളുമുണ്ട്. കണ്ണിനു പരിക്കേറ്റതിനാൽ കാഴ്ചക്കു തകരാറുകള്‍ സംഭവിച്ച നിലയിലാണ് കരടി പെരുമാറിയിരുന്നത്. രാവിലെ കാപ്പിക്കളത്തില്‍ അകപ്പെട്ട കരടിക്കു കുടിക്കാന്‍ വലിയ ചെമ്പുപാത്രത്തില്‍ വെള്ളം വെച്ചുനല്‍കിയെങ്കിലും കുടിച്ചില്ല. പ്രാഥമിക ചികിത്സ നല്‍കുന്നതിനായി കരടിയെ മുത്തങ്ങ റേഞ്ച് ഒാഫിസിലേക്ക് കൊണ്ടുപോയി. ചികിത്സക്കുശേഷം രാത്രിയോടെ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു. വയനാട്ടിലെ വനമേഖലകളില്‍ കാട്ടാന, കടുവ, പുലി തുടങ്ങിയ മൃഗങ്ങള്‍ ജനവാസ മേഖലയിലിറങ്ങാറുണ്ടെങ്കിലും കരടി നാട്ടിലിറങ്ങുന്നത് അപൂര്‍വമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.